ഉർവശി, പാർവതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ഇനി ഹോളിവുഡിലേക്കും. ലോസ് ആഞ്ചലസില്‍ വച്ചു നടക്കുന്ന ഐഎഫ്എഫ്എല്‍എ (ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചലസ്) -ന്റെ ഭാഗമായി പ്രശസ്തമായ സണ്‍സെറ്റ് ബൊളുവാഡ് തീയറ്ററില്‍ വച്ചാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടക്കുക. ജൂണ്‍ 29-ന് നടക്കുന്ന പ്രീമിയറില്‍ പങ്കെടുക്കാനായി സംവിധായകന്‍ ക്രിസ്റ്റോ ടോമിയും അഭിനേത്രി പാര്‍വതിയും ലോസ് ആഞ്ചലസില്‍ എത്തിക്കഴിഞ്ഞു.
ഇന്ത്യയ്ക്കു പുറത്തുനടക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലുകളിളൊന്നായ ഐഎഫ്എഫ്എൽഎ-യുടെ ഭാഗമാകാൻ കഴിഞ്ഞത് ‘ഉള്ളൊഴുക്കി’ന് ലഭിച്ച മഹത്തായൊരു അംഗീകാരമാണെന്നാണ് മാധ്യമങ്ങളും ചലച്ചിത്രനിരൂപകരും ഒരേ സ്വരത്തിൽ പറയുന്നത്. ചലച്ചിത്ര പ്രവർത്തകരും ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രി ആർ ബിന്ദുവുമടക്കം ഒട്ടേറെ പേർ ‘ഉള്ളൊഴുക്കി’നെ അഭിനന്ദിച്ച് മുന്നോട്ടുവന്നിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായത്തോടെ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ് ‘ഉള്ളൊഴുക്ക്’.
അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ‘ഉള്ളൊഴുക്ക്.’ സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ഉർവശി, പാർവതി എന്നിവരെക്കൂടാതെ അലൻസിയർ, പ്രശാന്ത് മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ മറ്റുവേഷങ്ങളിൽ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പിയുടെയും മക്ഗഫിൻ പിക്ചേഴ്സിന്റെയും ബാനറുകളിൽ നിർമ്മിക്കുന്ന ‘ഉള്ളൊഴുക്കി’ന്റെ സഹനിർമ്മാണം നിർവഹിക്കുന്നത് റെവറി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ്.