ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനകളുടെ വിവരങ്ങൾ കൈമാറാനുള്ള സമയപരിധി നീട്ടണമെന്ന എസ്ബിഐയുടെ ഹർജി സുപ്രീം കോടതി തള്ളി . മാർച്ച് 12 അഥവാ നാളെത്തെ ബാങ്ക് പ്രവർത്തന സമയം അവസാനിക്കുന്നതിന് മുൻപ് എസ്‌ബിഐ സമ്പൂർണ്ണ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കണമെന്നും മാർച്ച് 15 ന് വൈകിട്ട് 5 മണിയോട് കൂടി മുഴുവൻ വിവരങ്ങളും കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ജൂൺ 30 വരെ സമയം നീട്ടി ചോദിച്ച എസ്ബിഐയോട് സമയം നീട്ടി തരാൻ ആകില്ലെന്ന് വ്യക്തമാക്കിയ കോടതി നാളെ തന്നെ മുഴുവൻ വിവരങ്ങളും നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എസ്ബിഐയുടെ മനപ്പൂർവ്വമായ അവഗണനയെ വളരെ രൂക്ഷമായാണ് കോടതി വിമർശിച്ചത്. ബാങ്കിന് പെട്ടെന്ന് വിവരങ്ങൾ കൈമാറുന്നതിനുള്ള വെല്ലുവിളികൾ എസ്‌ബിഐക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചിരുന്നു.
പ്രത്യേക വിവര ശേഖരങ്ങളിൽ സൂക്ഷിച്ച് വെച്ചിട്ടുള്ള ദാതാക്കളുടെ വിശദാംശങ്ങളും വീണ്ടെടുക്കൽ വിശദാംശങ്ങളും സമന്വയിപ്പിക്കുന്നതിലെ ബുദ്ധിമുട്ടികളാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. അതിനാൽ വിശദാംശം സമർപ്പിക്കാനുള്ള സമയം നീട്ടി നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ബാങ്കിനോട് മാച്ചിങ് എക്സർസൈസ് ചെയ്യാനല്ല പറഞ്ഞതെന്നും വിവരങ്ങൾ പുറത്ത് വിടാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് മറുപടി പറഞ്ഞു. നമ്പര്‍ ബാങ്കാണ് എസ്ബിഐ എന്നും കെവൈസി അടക്കം വിവരങ്ങള്‍ ബാങ്കില്‍ ലഭ്യമാണെന്നും കോടതി പറഞ്ഞു.
വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പറും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ല എന്നും വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കെയാണ് എന്നും എസ് ബിഐ പറഞ്ഞു. വിവരങ്ങള്‍ തിടുക്കത്തില്‍ നല്‍കി തെറ്റുവരുത്താന്‍ കഴിയില്ലെന്നും കുറച്ച് സമയം തന്നാല്‍ വിവരങ്ങള്‍ കൈമാറാമെന്നും വ്യക്തമാക്കി.
രഹസ്യമാക്കി സീല്‍ കവറില്‍ വെച്ചിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മാത്രമാണ് പറഞ്ഞതെന്നും, സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ എന്ന് കോടതി ചോദിച്ചു. വാദത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയ മുദ്രവച്ച കവർ കോടതി തുറന്നു പരിശോധിച്ചിരുന്നു.
എസ്ബിഐ സമയം നീട്ടിച്ചോദിച്ചത് കേന്ദ്ര സർക്കാരിൻ്റെ സമ്മർദം മൂലമാണെന്നും തിരഞ്ഞെടുപ്പിന് മുമ്പ് കണക്കുകൾ പുറത്തുവരുന്നത് തടയാനാണ് ബിജെപി ശ്രമമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
ഇതിനിടെ എസ്‌ബിഐക്കെതിരെ കോടതിയലക്ഷ്യ കേസുമായി ഇലക്ടറല്‍ ബോണ്ട് കേസിലെ ഹര്‍ജിക്കാരായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നു. ആ കേസിനും ഇതോടെ തീരുമാനമായി.
എസ്ബിഐയുടെ ഹര്‍ജിക്കെതിരേ സിപിഎം നൽകിയ കോടതിയലക്ഷ്യയും നിലവിലെ സാഹചര്യത്തിൽ നിലനിൽക്കാത്തതിനാൽ അതും തള്ളി.
Ultimatum to SBI in Electoral Bond case