പലസ്തീനു വേണ്ടി ദക്ഷിണാഫ്രിക്ക ലോക കോടതിയിൽ; വംശഹത്യ ആരോപണങ്ങളിൽ വാദം ഇന്നുമുതൽ

ജൊഹന്നാസ്ബർഗ്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ വാദം ഇന്നുമുതൽ. 1948 ലെ വംശഹത്യ കൺവെൻഷൻ പ്രകാരമുള്ള ബാധ്യതകൾ പാലിക്കുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഡിസംബർ അവസാനനമാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. നിരവധി രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയുടെ നടപടിയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. ഹേഗിലെരാജ്യാന്തര നീതിന്യായ കോടതി(ICJ) രണ്ട് ദിവസത്തെ വാദമാണ് കേൾക്കുക.

ഗാസയിലെ സൈനിക പ്രവർത്തനങ്ങൾ നിർത്താൻ ഇസ്രയേലിനോട് ഉത്തരവിടണമെന്നും ദക്ഷിണാഫ്രിക്ക കോടതിയോട് ആവശ്യപ്പെട്ടു. വംശഹത്യ നടത്തുന്ന എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ഇസ്രയേലിന്റെ വാദം.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള അന്താരാഷ്ട്ര നിയമത്തിലെ വിദഗ്ദ്ധരും അഭിഭാഷകരും ഉൾപ്പെടുന്ന ഒരു നിയമസംഘത്തെ വിളിച്ചുകൂട്ടിയാണ് പരാതി തയാറാക്കിയത്. 84 പേജുള്ള പരാതിയാണ് ലോക കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. തെളിവുകളും നിയമങ്ങളും നിരത്തിയുള്ള ആ റിപ്പോർട്ടിൽ ഗാസയിൽ നടത്തുന്ന വംശഹത്യ നിർത്തിവെക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പലസ്തീൻ, ഇസ്രായേൽ അനുഭാവികളുടെ ഗ്രൂപ്പുകളെ അകറ്റി നിർത്താൻ ഡച്ച് പോലീസ് പാടുപെടുന്നതിനിടെ വ്യാഴാഴ്ച ഐസിജെയുടെ പീസ് പാലസിന് പുറത്ത് നാടകീയ രംഗങ്ങൾ അരങ്ങേറി.

വെടിനിർത്തലിന് ആഹ്വാനം ചെയ്ത് നൂറുകണക്കിന് ആളുകൾ പലസ്തീൻ പതാകകൾ വീശി ഐസിജെക്ക് പുറത്ത് തടിച്ചുകൂടി. ഗാസയിൽ ഇപ്പോഴും തടവിൽ കഴിയുന്ന ചില ബന്ദികളുടെ ചിത്രങ്ങൾ കാണിക്കുന്ന സ്‌ക്രീൻ ഇസ്രായേൽ അനുകൂലികൾ സ്ഥാപിച്ചു.

More Stories from this section

family-dental
witywide