വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്റെ മടങ്ങിവരവ് കൂടുതല്‍ വൈകിയേക്കും. സുനിതയും സഹയാത്രികന്‍ ബുച്ച് വില്‍മോറും ബഹിരാകാശത്തേക്ക് യാത്രചെയ്ത പേടകമായ ബോയിംഗ് സ്റ്റാര്‍ലൈനറിന് നിരവധി തകരാറുകള്‍ നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണിത്. ഇരുവരുടേയും മടക്കയാത്രയുടെ തീയതി ഇനിയും നിശ്ചയിച്ചിട്ടില്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ അറിയിച്ചു.
അതേസമയം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മറ്റ് ഏഴ് ക്രൂ അംഗങ്ങള്‍ക്കൊപ്പം ഇരുവരും സുരക്ഷിതരാണെന്നും നാസ വ്യക്തമാക്കി. ബഹിരാകാശത്തേക്ക് വാണിജ്യാടിസ്ഥാനത്തില്‍ യാത്രികരെ എത്തിക്കുന്ന പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ കന്നി യാത്രയിലാണ് ഇരുവരും ജൂണ്‍ 5 ന് ഐഎസ്എസില്‍ എത്തിച്ചേര്‍ന്നത്. 10 ദിവസത്തെ ദൗത്യമാണ് നിശ്ചയിച്ചിരുന്നതെങ്കിലും രണ്ടുതവണയായി മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു.
ജൂണ്‍ 14 നായിരുന്നു ആദ്യ മടക്കയാത്ര നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ഒഴിവാക്കി ജൂണ്‍ 26 എന്ന പുതിയ തീയതി നാസ നിശ്ചയിച്ചു. എന്നാല്‍ ഇതും മാറ്റിവച്ചു. അതേസമയം, ബഹിരാകാശത്തേക്കുള്ള തന്റെ മൂന്നാമത്തെ ദൗത്യത്തില്‍ സുനിതാ വില്യംസിന് ബഹിരാകാശത്ത് ഏകദേശം ഒരു മാസത്തോളം തങ്ങേണ്ടി വന്നേക്കാമെന്നും വിലയിരുത്തപ്പെടുന്നു. ബോയിംഗ് സ്റ്റാര്‍ലൈനറിലെ 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണത്തിന് പ്രശ്നങ്ങളുണ്ട്, കൂടാതെ ബഹിരാകാശ പേടകത്തില്‍ അഞ്ച് ഹീലിയം ചോര്‍ച്ചയുണ്ടായി. സുരക്ഷിതമായ തിരിച്ചുവരവിന് കുറഞ്ഞത് 14 ത്രസ്റ്ററുകള്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.