ഒമ്പത് ദിവസത്തിനിടെ അഞ്ചാമത്തെ പാലവും പൊളിഞ്ഞു; ബിഹാറിൽ ആരാണ് ‘പാലം വലിക്കുന്നത്’?

പട്ന: ബിഹാറിലെ മധുബാനി മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ സംസ്ഥാനത്ത് ഇത് അഞ്ചാമത്തെ പാലമാണ് തകർന്നു വീഴുന്നത്. 75 മീറ്റർ നീളമുള്ള പാലത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്ന മധുബാനി ജില്ലയിലെ ഭേജ പോലീസ് സ്റ്റേഷനിലെ മധേപൂർ ബ്ലോക്കിലാണ് സംഭവം.

മൂന്നു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലത്തിന്റെ നിർമാണം ആരംഭിച്ചത് 2021ലാണ്. ജലനിരപ്പ് ഉയർന്നതോടെ പാലത്തിന്റെ 25 മീറ്റർ നീളമുള്ള താങ്ങു തൂൺ താഴെയുള്ള നദിയിൽ പതിച്ചു. സംഭവ സ്ഥലത്തു നിന്നുള്ള ചിത്രങ്ങളിൽ, വീണുകിടക്കുന്ന തൂണുകൾ കൂറ്റൻ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞതായി കാണാം.

ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, സോഷ്യൽ മീഡിയയിൽ പാലം തകരുന്നതിന്റെ വീഡിയോ പങ്കുവച്ചു. ഒമ്പത് ദിവസത്തിനിടെ സംസ്ഥാനത്ത് തകർന്നു വീഴുന്ന അഞ്ചാമത്തെ പാലമാണിതെന്ന് അദ്ദേഹം കുറിച്ചു. വ്യാഴാഴ്ച കിഷൻഗഞ്ച് ജില്ലയിൽ ഒരു പാലം തകർന്നിരുന്നു.

ജൂൺ 23ന് കിഴക്കൻ ചമ്പാരൻ ജില്ലയിൽ നിർമാണത്തിലിരുന്ന ചെറിയ പാലം തകർന്ന വാർത്ത പുറത്തുവന്നിരുന്നു. ജൂൺ 22 ന് സിവാനിൽ ഗണ്ഡക് കനാലിന് മുകളിൽ നിർമ്മിച്ച പാലം തകർന്നു.

ജൂൺ 19 ന് അരാരിയയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗം തകർന്നു. കോടികൾ മുടക്കി ബക്ര നദിക്കു കുറുകെ നിർമിച്ച കോൺക്രീറ്റ് പാലമാണ് നിമിഷങ്ങൾക്കകം തകർന്നു വീണത്.

More Stories from this section

family-dental
witywide