ലോക്സഭ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും വമ്പിച്ച ഭൂരിപക്ഷം പ്രതീക്ഷിച്ച ബിജെപിയുടെ പതനത്തെ ആഘോഷമാക്കി വിദേശ മാധ്യമങ്ങൾ. 543 സീറ്റുകളുള്ള ലോക്‌സഭയിൽ ബിജെപി ഒറ്റയ്ക്ക് നേടിയത് 272 സീറ്റുകൾ മാത്രമാണ്. സഖ്യകക്ഷികളുടെ സഹായത്തോടെ 293 സീറ്റുകളുമായാണ് എൻഡിഎ സർക്കാർ ഉണ്ടാക്കാൻ ഒരുങ്ങുന്നത്. വിദേശ മാധ്യമങ്ങളും വളരെ താത്പര്യത്തോടെയാണ് ഇന്ത്യൻ തിരഞ്ഞെടുപ്പിനെ നീരീക്ഷിച്ചത്.
ന്യൂയോർക്ക് ടൈംസ്
“അജയ്യതയുടെ പ്രഭാവലയം നഷ്ടപ്പെട്ട മോദി’, എന്ന തരത്തിലാണ് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് ഇന്ത്യൻ തിരഞ്ഞെടുപ്പിനെ റിപ്പോർട്ട് ചെയ്തത്. ഭരണം നിലനിർത്താൻ ബിജെപിക്ക് ചെറുപാർട്ടികളുടെ സഹായം ആവശ്യമാണെന്നും, തിരഞ്ഞെടുപ്പിൽ ബിജെപി അപ്രതീക്ഷിത തിരിച്ചടി നേരിട്ടെന്നും ചൂണ്ടിക്കാട്ടുന്നു. സഖ്യകക്ഷികളിലൊന്ന് ഇടക്കിടെ പക്ഷം മാറുന്നതിന് പേരുകേട്ടവരാണെന്ന് സൂചിപ്പിക്കാനും ന്യൂയോർക്ക് ടൈംസ് മറന്നില്ല.
വാഷിംഗ്ടണ്‍ പോസ്റ്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടായ അപ്രതീക്ഷിത തിരിച്ചടിയാണ് ഫലം സൂചിപ്പിക്കുന്നതെന്ന് ദ വാഷിംഗ്ടണ്‍ പോസ്റ്റ് പറഞ്ഞു. ഒരു പതിറ്റാണ്ടായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രബലനായ വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് നേരിയ പിന്തുണയാണ് ലഭിച്ചതെന്നും റിപ്പോർ പറയുന്നു.
ദി ടൈംസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോശം പ്രകടനത്തിന് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ചുരുങ്ങിയത്, ബിജെപിക്ക് നിലവിലുള്ള സഖ്യത്തിലെ മറ്റു പാര്‍ട്ടികളെ കൂടുതല്‍ ആശ്രയിക്കേണ്ടിവരും. അതില്‍ രണ്ടെണ്ണം മോദിയുടെ ഹിന്ദുത്വ അജണ്ടയെ പിന്തുണക്കാത്തവരാണ്.
ബിബിസി
തിരഞ്ഞെടുപ്പുഫലം നരേന്ദ്ര മോദിയെന്ന ബ്രാൻഡിന്റെ പ്രഭകെടുത്തുന്നതാണെന്നും രാജ്യത്ത് കാര്യമായ ഭരണവിരുദ്ധവികാരമുണ്ടായെന്നതിന്റെ സൂചനയാണെന്നും ബിബിസി റിപ്പോർട്ടുചെയ്തു. പ്രതിപക്ഷത്തിന് പുത്തൻ ഊർജംനൽകുന്ന ഫലമാണിതെന്നും റിപ്പോർട്ടി. ബിബിസി പറഞ്ഞു.
ഡി ഡബ്ല്യൂ
തിരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ പ്രധാനമന്ത്രിക്ക് തിരിച്ചടിയാണെന്ന് ജർമൻ മാധ്യമമായ ഡി ഡബ്ല്യൂ ചൂണ്ടിക്കാട്ടുന്നു. ഫലങ്ങൾ ബിജെപി മുന്നോട്ടു വെക്കുന്ന പരിഷ്‌കരണങ്ങൾക്ക് തിരിച്ചടിയാകുമോയെന്ന സംശയവും ഉന്നയിക്കുന്നു.