കേന്ദ്ര ബജറ്റിൽ അതൃപ്തി; കോൺഗ്രസ് മുഖ്യമന്ത്രിമാർ നിതി ആയോഗ് യോഗം ബഹിഷ്കരിക്കും

ന്യൂഡൽഹി: 2024-25 ലെ കേന്ദ്ര ബജറ്റ് വിവേചനപരവും അപകടകരവുമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്, വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് പാർട്ടിയുടെ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ (കർണ്ണാടക), രേവന്ത് റെഡ്ഡി (തെലങ്കാന), സുഖ്‌വീന്ദർ സുഖു (ഹിമാചൽ പ്രദേശ്) എന്നിവർ ജൂലൈ 27ന് രാജ്യതലസ്ഥാനത്ത് ചേരുന്ന നീതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗം ബഹിഷ്കരിക്കും.

പ്രതിഷേധ സൂചകമായി ജൂലൈ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനും അറിയിച്ചു.

“കേന്ദ്ര ബജറ്റ് അങ്ങേയറ്റം വിവേചനപരവും അപകടകരവുമായിരുന്നു. ഈ ബജറ്റിലെ പ്രഖ്യാപനങ്ങൾ കേന്ദ്രസർക്കാർ പാലിക്കേണ്ട ഫെഡറലിസത്തിൻ്റെയും നീതിയുടെയും തത്വങ്ങൾക്ക് വിരുദ്ധമാണ്. ഇതിൽ പ്രതിഷേധിച്ച് ഐഎൻസി മുഖ്യമന്ത്രിമാർ ജൂലൈ 27ന് നടക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്കരിക്കും,” കോൺഗ്രസ് ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ), കെ സി വേണുഗോപാൽ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

“ഈ സർക്കാരിൻ്റെ മനോഭാവം ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ്. ഈ ഭരണത്തിൻ്റെ യഥാർത്ഥ, വിവേചനപരമായ നിറം മറയ്ക്കാൻ വേണ്ടി മാത്രം രൂപകൽപ്പന ചെയ്ത ഒരു പരിപാടിയിൽ ഞങ്ങൾ പങ്കെടുക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ കസേര രക്ഷിക്കാനുള്ള ബജറ്റാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. മറ്റു സംസ്ഥാനങ്ങളെ അവഗണിച്ചുകൊണ്ട് സഖ്യകക്ഷികളെ പ്രീണിപ്പിക്കാനുള്ള തീരുമാനങ്ങളാണു ബജറ്റിൽ ഉൾപ്പെ‌ടുത്തിയതെന്നും മുതലാളിമാരെ സന്തോഷിപ്പിക്കുന്ന ബജറ്റിൽ സാധാരണക്കാർക്കായി യാതൊന്നുമില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ബജറ്റിലെ ചില ആശയങ്ങൾ കോൺഗ്രസ് പ്രകടനപത്രികയിൽനിന്നും മുൻ ബജറ്റുകളിൽനിന്നും കോപ്പിയടിച്ചിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

More Stories from this section

family-dental
witywide