നിതീഷിനും നായിഡുവിനും മോദിയുടെ ഉപകാരസ്മരണ; ആന്ധ്രയ്ക്ക് 15,000 കോടി, ബിഹാറിന് 26,000 കോടി; വമ്പന്‍ പാക്കേജ്

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പുരോഗമിക്കുമ്പോൾ സഖ്യക്ഷികൾ ഭരിക്കുന്ന ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികൾ. ചന്ദ്രബാബു നായിഡു ഭരിക്കുന്ന ആന്ധ്രയ്ക്ക് 15000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് മോദി സര്‍ക്കാരിന്‍റെ പ്രത്യുപകാരം. ആന്ധ്രയുടെ ജീവനാഡിയായി കണക്കാക്കുന്ന പോളാവാരം ജലസേചന പദ്ധതി സമ്പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

നിതീഷ് കുമാറിന്റെ ബിഹാറിന് വിമാനത്താവളവും റോഡുകളും എക്സ്പ്രസ് വേയും അനുവദിച്ചു. ബിഹാറിലെ ഹൈവേ വികസനത്തിന് 26000 കോടി പ്രഖ്യാപിച്ചതോടെ സഭയിൽ പ്രതിപക്ഷ ബഹളമായി. ബിഹാറിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കും. പ്രളയ ദുരിതം നേരിടാൻ ബിഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. നളന്ദ സര്‍വകലാശാലയുടെ വികസനത്തിന് മുന്‍ഗണന നല്‍കും. പട്‌ന- പൂര്‍ണിയ, ബക്‌സര്‍- ബദല്‍പുര്‍, ബോധ്ഗയ- വൈശാലി എന്നീ മൂന്ന് എക്‌സ്പ്രസ് വേകളും ബിഹാറിൽ പ്രഖ്യാപിച്ചു.

തൊഴിൽ ഉറപ്പാക്കാനും നൈപുണ്യ വികസനത്തിനും അഞ്ച് പദ്ധതികൾ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. വിദ്യാഭ്യസ, നൈപുണ്യ മേഖലകൾക്ക് 1.48 ലക്ഷം കോടി അനുവദിച്ചു. നാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ നയം, 1 .52 ലക്ഷം കോടി കാർഷിക മേഖലയ്ക്ക്, കാർഷിക രംഗത്തെ ഗവേഷണത്തിന് പ്രത്യേക പദ്ധതി, കിസാൻ ക്രെഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങളിൽ കൂടി അനുവദിക്കും. എണ്ണക്കുരുക്കളുടെ ഉത്പാദനം കൂട്ടാൻ പദ്ധതി, ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ, 400 ജില്ലകളിൽ ഡിജിറ്റൽ വില സർവേ, പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യസ വായ്പ സഹായം, അഞ്ച് വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം തുടങ്ങിയവ ബജറ്റിൽ ഉൾപ്പെടുന്നു.

More Stories from this section

family-dental
witywide