ദില്ലി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന് ഇന്ന് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ കേരളം. സുപ്രീം കോടതി നിർദ്ദേശിച്ചത് പ്രകാരം കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് വൈകുന്നേരം നാല് മണിക്ക് നടക്കും. ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റ നേതൃത്വത്തിൽ നാലംഗ സമിതി ആണ് കേന്ദ്രവുമായി ചർച്ച നടത്തുക.
കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിൽ സുപ്രീം കോടതിയാണ് കേന്ദ്രവും കേരളവും തമ്മില്‍ ആദ്യം ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിച്ചത്. ധനമന്ത്രിയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വ.ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്. കേന്ദ്ര ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുമായിട്ടാണ് കേരളത്തിന്‍റെ ചർച്ച.
അതിനിടെ കേന്ദ്രവുമായുള്ള ചർച്ചയിലെ പ്രതീക്ഷ പങ്കുവച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. വലിയ പ്രതീക്ഷയിലാണ് കേന്ദ്രവുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നതെന്നാണ് ബാലഗോപാൽ പറഞ്ഞത്. ചർച്ചയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതരാമൻ ഇല്ലാത്തത് പ്രശ്നമല്ലെന്നും ഉത്തരവാദിത്തപ്പെട്ടവരുമായാണ് ചർച്ച നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. കോടതിയുടെ ഇടപെടൽ ഫെഡറലിസത്തിന് പ്രാമുഖ്യം നൽകി ഉള്ളതാണെന്നും ദില്ലിയിൽ കേന്ദ്രവുമായുള്ള ചർച്ചക്കെത്തിയ മന്ത്രി പറഞ്ഞു.
Union government and kerala government borrowing limit issue discussion details