ദില്ലി: ആപ്പിൾ കമ്പനിയുടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്രം. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി ഇൻ) ആണ് ആപ്പിൾ കമ്പനിയുടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐ ഫോൺ അടക്കം ആപ്പിൾ ഐപാഡും വിഷൻ പ്രോ ഹെഡ്‌സെറ്റുകളും മാക്ബുക്കുകളുമടക്കം ഉപയോഗിക്കുന്നവർ ‘ഉയർന്ന അപകടസാധ്യത’ ശ്രദ്ധിക്കണമെന്നാണ് അറിയിപ്പ്.
‘റിമോട്ട് കോഡ് എക്‌സിക്യൂഷൻ’ സംവിധാനവുമായി ബന്ധപ്പെട്ടാണ് ആപ്പിൾ ഉപയോക്താക്കൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 17.4.1 ന് മുൻപുള്ള ആപ്പിൾ സഫാരി പതിപ്പുകൾ, 13.6.6 ന് മുൻപുള്ള ആപ്പിൾ മാക്ഒഎസ് വെൻച്വുറ പതിപ്പുകൾ, 14.4.1ന് മുൻപുള്ള ആപ്പിൾ മാക്ഒഎസ് സനോമ പതിപ്പുകൾ, 1.1.1ന് മുൻപുള്ള ആപ്പിൾ വിഷൻ ഒഎസ് പതിപ്പുകൾ, 17.4.1ന് മുൻപുള്ള ആപ്പിൾ ഐഒഎസ്– ഐപാഡ് ഒഎസ് പതിപ്പുകൾ, 16.7.7ന് മുൻപുള്ള ആപ്പിൾ ഐഒഎസ്– ഐപാഡ് ഒഎസ് പതിപ്പുകൾ എന്നിവയടക്കം ആപ്പിൾ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ ശ്രേണിയിൽ അപകടസാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പറയുന്നത്. അപകട സാധ്യത ഒഴിവാക്കാനായി ആപ്പിൾ ഉപയോക്താക്കൾ പുതിയ പതിപ്പുകളിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. അപ്ഡേറ്റ് ചെയ്താൽ അപകടസാധ്യത കുറയുമെന്നും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മാർച്ച് 15 നും ആപ്പിൾ ഉപയോക്താക്കൾക്ക് കേന്ദ്രം മറ്റൊരു മുന്നറിയിപ്പ് നൽകിയിരുന്നു. ആപ്പിൾ ഐഒഎസ്, ആപ്പിൾ ഐപാഡ് ഒഎസിലും ഒന്നിലധികം സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയെന്നാണ് അന്ന് മുന്നറിയിപ്പ് നൽകിയത്. പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്താനും സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും കഴിഞ്ഞേക്കാമെന്നും അന്നത്തെ മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. ഐ ഫോൺ 8, ഐ ഫോൺ 8 പ്ലസ്, ഐഫോൺ പ്ലസ്, ഐപാഡ് അഞ്ചാം ജെനറേഷൻ, ഐ പാഡ് പ്രോ 9.7 ഇഞ്ച്, ഐ പാഡ് പ്രോ 12.9 ഇഞ്ച് ഫസ്റ്റ് ജനറേഷൻ എന്നിവയെയെല്ലാം സുരക്ഷാ പിഴവ് ബാധിക്കുമെന്നായിരുന്നു അറിയിപ്പ്.
Union government gave security warning to apple iPhone users