ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ ഉള്ളുപിടഞ്ഞ് രക്ഷാ പ്രവര്‍ത്തനത്തില്‍ മുഴുകുന്ന കേരളത്തിന് കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തല്‍. ഉരുള്‍പൊട്ടല്‍ സാധ്യതയെക്കുറിച്ച് കേരള സര്‍ക്കാരിന് ജൂലൈ 23ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് കേന്ദ്രമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവകാശപ്പെട്ടത്.
വയനാട്ടില്‍ ഉരുള്‍പൊട്ടലിന് ഒരാഴ്ച മുമ്പ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അവകാശപ്പെട്ട ആഭ്യന്തരമന്ത്രി, തെക്കന്‍ സംസ്ഥാനത്ത് കനത്ത മഴ പ്രവചിച്ചതിനെത്തുടര്‍ന്ന് കേന്ദ്രം ഒമ്പത് എന്‍ഡിആര്‍എഫ് ടീമുകളെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്നും പറഞ്ഞു. ഒമ്പത് എന്‍ഡിആര്‍എഫ് ടീമുകളെ കേരളത്തിലേക്ക് നേരത്തെ അയച്ചിരുന്നു. കേരള സര്‍ക്കാര്‍ യഥാസമയം ആളുകളെ ഒഴിപ്പിച്ചില്ലെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ജൂലൈ 23ന് പുറമേ, 24നും 25 നും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ വ്യക്തമാക്കി.
മാത്രമല്ല, പ്രകൃതിദുരന്തങ്ങളെക്കുറിച്ച് കുറഞ്ഞത് ഏഴ് ദിവസം മുമ്പെങ്കിലും മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന ലോകത്തിലെ നാല് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഈ വിഷയത്തില്‍ രാഷ്ട്രീയം പാടില്ലെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്തം നേരിടാന്‍ കേരള സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒപ്പം പാറപോലെ നില്‍ക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരെന്നും അമിത് ഷാ പറഞ്ഞു.
വയനാട് ജില്ലയില്‍ ചൊവ്വാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 170 ലധികം പേര്‍ മരിക്കുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാണാതായ 180ലധികം പേര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.