രാഹുൽ ഗാന്ധിക്കെതിരായ ‘തീവ്രവാദി’ പരാമർശം: കേന്ദ്രമന്ത്രി ബിട്ടുവിനെതിരെ കേസെടുത്തു

ബംഗളൂരു: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശത്തിൽ കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു. കർണാടക പിസിസി ഭാരവാഹികളുടെ പരാതി പ്രകാരമെടുത്ത കേസിൽ കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ബംഗളൂരുവിലാണ് കേന്ദ്രമന്ത്രിക്കെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്തത്.

രാഹുല്‍ ഗാന്ധി നമ്പര്‍ 1 തീവ്രവാദി എന്ന പരാമര്‍ശമാണ് കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടു നടത്തിയത്. അമേരിക്കയില്‍ രാഹുല്‍ നടത്തിയ പരാമർശങ്ങളെ വിമർശിച്ചുകൊണ്ടായിരുന്നു ബിട്ടുവിന്റെ വാക്കുകള്‍. രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ല. മുഴുവൻ സമയവും രാഹുല്‍ വിദേശത്താണ്. വിദേശത്തുപോയി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. രാഹുലിന് സ്വന്തം രാജ്യത്തോട് സ്നേഹമില്ല. വിഘടനവാദികളും തോക്കുകളും ബോംബുകളും നിർമ്മിക്കുന്നവരുമെല്ലാം രാഹുല്‍ പറഞ്ഞ കാര്യങ്ങളെ അഭിനന്ദിക്കുകയാണ്, എന്നായിരുന്നു ബിട്ടുവിന്റെ വിമർശനം.

വിമാനങ്ങളും ട്രെയിനുകളും തകർക്കാൻ ശ്രമിക്കുന്ന രാജ്യത്തിന്റെ ശത്രുക്കളെല്ലാം രാഹുലിനാണ് പിന്തുണ നല്‍കുന്നത്. ഒന്നാം നമ്പർ ഭീകരവാദിയേയും രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവിനേയും പിടികൂടാൻ ഒരു അവാർഡ് പ്രഖ്യാപിക്കുകയാണെങ്കില്‍ അത് രാഹുലിന് വേണ്ടിയായിരിക്കണമെന്നും ബിട്ടു അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്‌‍സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്ന നേതാവാണ് ബിട്ടു.

More Stories from this section

family-dental
witywide