ചേലക്കര: തൃശൂർ പൂരത്തിനിടെ അനിഷ്ട സംഭവങ്ങൾ നടന്ന ദിവസം പൂരനഗരിയില്‍ പോയത് ആംബുലന്‍സിലല്ലെന്ന് ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ വിശദീകരണം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കമുള്ളവർ വിശ്വസിക്കുന്നതുപോലെ താൻ ആംബുലന്‍സിലല്ല പോയതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ബി ജെ പി ജില്ലാ അധ്യക്ഷന്റെ കാറിലാണ് അന്നേ ദിവസം പൂരനഗരിയിൽ പോയതെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. ചേലക്കരയിലെ ബി ജെ പി പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
ആംബുലന്‍സില്‍ പോയി എന്നത് മായക്കാഴ്ച ആകാമെന്നും കേന്ദ്ര മന്ത്രി വിവരിച്ചു. നൂറുകണക്കിന് പൂരപ്രേമികളെ പൊലീസ് തല്ലിയത് ചോദ്യംചെയ്യാനാണ് പോയത്. പൂരം കലക്കലുമായി ബന്ധപ്പെട്ട കേസ് ഒറ്റ തന്തയ്ക്ക് പിറന്നവരെങ്കില്‍ സി ബി ഐയ്ക്ക് വിടണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
ആംബുലന്‍സില്‍ പോയില്ലെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി ബി ജെ പി ജില്ലാ പ്രസിഡന്‍റ് കെ കെ അനീഷ് കുമാറും രംഗത്തെത്തി. പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നത് തന്റെ കാറിലെന്നും റൗണ്ടിലേക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ കയറിയതെന്നുമാണ് അനീഷ് കുമാര്‍ പറഞ്ഞത്.