തിരുവനന്തപുരം: യുദ്ധത്തിനായി റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തപ്പെട്ട് അവിടെ കുടുങ്ങിപ്പോയവരുടെ മോചനത്തിനായി ഇടപെട്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ശനിയാഴ്ച രാത്രി ഇവരുടെ ബന്ധുക്കളുടെ അപേക്ഷ ലഭിച്ചെന്നും വേഗത്തിൽ തന്നെ മോചനത്തിനായി ഇടപെട്ടെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. റഷ്യയിൽ കുടുങ്ങിയ തൃശൂർ കുറാഞ്ചേരി സ്വദേശികളായ ജെയിന്റെയും ബിനിലിന്റെയും മോചനത്തിനായി അധികാരികളുമായി ഇടപെട്ടെന്നാണ് സുരേഷ് ഗോപി വിവരിച്ചത്. ഇന്നലെ തന്നെ എംബസ്സിക്ക് ഇതുസംബന്ധിച്ച് കത്തയച്ചു. മറുപടി വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശ്ശൂർ കുറാഞ്ചേരി സ്വദേശികളായ ജെയ്ൻ, ബിനിൽ എന്നിവരാണ് റഷ്യയിൽ കുടുങ്ങിയത്. മനുഷ്യക്കടത്തിന് ഇരയായ ഇവര്‍ റഷ്യയിൽ അകപ്പെട്ടിട്ട് 8 മാസം കഴിഞ്ഞു.കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് കൊണ്ടുപോയത്.പിന്നെയാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസ്സിലായത്. അവിടുത്തെ മലയാളി ഏജന്‍റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്.