‘കെ റെയിൽ വരൂട്ടാ’… പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കെ റെയില്‍ പദ്ധതിക്ക് പച്ചക്കൊടി കാട്ടുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ഡല്‍ഹി: കെ റെയില്‍ പദ്ധതിയെ പിന്തുണച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിലെ പദ്ധതിയില്‍ സാങ്കേതിക- പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ട്. അവ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവെച്ചാല്‍ തുടര്‍നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണ്. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചുമുന്നോട്ടു പോകണമെന്നാണ് കേന്ദ്ര നിലപാടെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

അങ്ങനെയെങ്കിൽ‘കെ റെയിൽ വരൂട്ടാ’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രശസ്തമായ ഡയലോഗ് യാഥാർഥ്യത്തിലേക്ക് എത്തും. നേരത്തെ കെ റെയില്‍ പദ്ധതിയുടെ അംഗീകാരം അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗലൂരു മുതല്‍ ഷൊര്‍ണൂര്‍ വരെ നാലു വരി പാത നിര്‍മ്മിക്കും. എറണാകുളം-കോട്ടയം-തിരുവനന്തപുരം വഴി മൂന്ന് ലൈനുകളാക്കും. അതിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.അങ്കമാലി-എരുമേലി ശബരിപാതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പദ്ധതിക്ക് കേരള സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ചില വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു അത് കേന്ദ്രം പരിശോധിച്ചു വരികയാണ്. മഹാരാഷ്ട്രയില്‍ റെയില്‍വേയും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാനമായി കേരളത്തിലും കരാര്‍ ഉണ്ടാക്കുമെന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു.

കേരളത്തിന് കൂടുതല്‍ മെമു ട്രെയിനുകള്‍ അനുവദിക്കും. എറണാകുളം-ആലപ്പുഴ- കായംകുളം മേഖലയില്‍ വന്ദേഭാരതിനായി മറ്റു ട്രെയിനുകള്‍ വൈകി ഓടുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വന്ദേഭാരത് ട്രെയിന്‍ ആലപ്പുഴ റൂട്ട് മാറ്റി കോട്ടയം വഴിയാക്കുന്നതിന് റെയില്‍വേ സന്നദ്ധമാണെന്നും മന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide