ബോയിങ്ങിൻ്റെ കഷ്ടകാലം തീരുന്നില്ല; സാൻഫ്രാൻസിസ്കോയിൽ നിന്ന് പറന്ന വിമാനത്തിൻ്റെ പാനൽ ഇളകി വീണു

സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 145 യാത്രക്കാരുമായി യാത്ര പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസിൻ്റെ 433 വിമാനം ഒറിഗണിലെ മെഡ്‌ഫോർഡിലെ റോഗ് വാലി ഇൻ്റർനാഷണൽ എയർപോർട്ടിൽ വെള്ളിയാഴ്ച ഇറങ്ങിയപ്പോൾ വിമാനത്തിന്റെ പുറം ചട്ടയിലെ ഒരു കഷ്ണം കാണാനില്ല. വിമാനത്തിന്റെ അടിഭാഗത്ത് ലാൻഡിംഗ് ഗിയറിന് സമീപമുള്ള ബാഹ്യ പാനലാണ് കാണാതായത്.

25 വർഷം പഴക്കമുള്ള ബോയിംഗ് 737-800 വിമാനത്തിൽ 139 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരാരും പാനൽ നഷ്ടപ്പെട്ടതായി അറിഞ്ഞിട്ടില്ല. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. അതിനുശേഷം നടന്ന സുരക്ഷാ പരിശോധനയിൽ മാത്രമാണ് പുറത്തുള്ള ഒരു പാനൽ കാണാതായ വിവരം അറിയുന്നത് എന്ന് റോഗ് വാലി ഇൻ്റർനാഷണൽ മെഡ്‌ഫോർഡ് എയർപോർട്ടിലെ മുതിർന്ന ഉദ്യോഗസ്ഥനായ ആംബർ ജുഡ് പറഞ്ഞു

“ഞങ്ങൾ വിമാനത്തിൻ്റെ സമഗ്രമായ പരിശോധന നടത്തുകയാണ്. അത് വീണ്ടും പറക്കും മുമ്പ് ആവശ്യമായ എല്ലാ അറ്റകുറ്റപ്പണികളും നടത്തും. ഈ നഷ്ടം എങ്ങനെ സംഭവിച്ചുവെന്ന് നന്നായി മനസ്സിലാക്കാൻ ഒരു അന്വേഷണം നടത്തും,” അദ്ദേഹം പറഞ്ഞു. പാനൽ ഇളകി വീണത് എവിടെയാണ് എന്ന് അറിയില്ല. ലാൻഡ് ചെയ്ത എയർപോർട്ടിൽ അരിച്ചുപെറുക്കി നോക്കിയിട്ടും കണ്ടെത്താനായില്ല. തിരച്ചിൽ നടത്താനായി എയർപോർട്ടിലെ എല്ലാ വിമാന സർവീസുകളും കുറച്ചു നേരത്തേക്ക് നിർത്തിവച്ചിരുന്നു.

എങ്ങനെയാണ് പാനൽ വീണുപോയത് എന്ന് അന്വേഷിക്കുകയാണെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും (എഫ്എഎ) അറിയിച്ചു. കഴിഞ്ഞ ജനുവരിയിൽ അലാസ്ക എയർലൈൻസ് വിമാനത്തിന്റെ വാതിൽ പറക്കലിനിടെ പറന്നു പോയിരുന്നു. അതും ഒരു ബോയിങ് വിമാനമായിരുന്നു. ആ സംഭവത്തിനു ശേഷം ബോയിങ് വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർന്നിട്ടുണ്ട്.

United Airlines flight lands safely with a missing panel