ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യക്കാരുടെ എണ്ണം മറ്റ് ലോകരാജ്യങ്ങളെ എപ്പോഴും വിസ്മയിപ്പിക്കാറുണ്ട്. ഇപ്പോൾ വീണ്ടും ഇന്ത്യക്കാർക്ക് സന്തോഷം പകരുന്നൊരു അറിയിപ്പ് എത്തിയിരിക്കുകയാണ്. വിനോദസഞ്ചാരികൾ, വിദഗ്ധ തൊഴിലാളികൾ, വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരെ ‘ഇതിലെ… ഇതിലെ’ എന്ന് പറഞ്ഞ് അമേരിക്ക വീണ്ടും വീണ്ടും ക്ഷണിക്കുകയാണ്. ഇതിനായി 2,50000 വിസ കേന്ദ്രങ്ങൾ തുറന്നെന്ന് ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു.
ഇന്ത്യ-അമേരിക്ക ബന്ധം ഉഷ്മളമാക്കുന്നതിന്റെ ഭാഗമായുള്ള നടപടി യാത്രകൾ സുഗമമാക്കുമെന്നും പുതിയ സ്ലോട്ടുകൾ ലക്ഷക്കണക്കിന് ഇന്ത്യൻ അപേക്ഷകരെ സമയബന്ധിതമായി അഭിമുഖം നടത്താൻ സഹായിക്കുമെന്നും എംബസി പ്രസ്താവനയിലൂടെ അറിയിച്ചു.
2024- ൽ ഇതുവരെ 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാർ യുഎസിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. രേഖകൾ പ്രകാരം 2023 ലെ ഇതേ കാലയളവിലെ യാത്രക്കാരെക്കാൾ 35 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കുറഞ്ഞത് ആറ് ദശലക്ഷം ഇന്ത്യക്കാർക്കെങ്കിലും യുഎസ് സന്ദർശിക്കാൻ കുടിയേറ്റേതര വിസയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വിസ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേഗത്തിലാക്കുന്നതിനുമുള്ള ക്രിയാത്മകമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി അടുത്തിടെ പ്രസ്താവിച്ചിരുന്നു. എംബസിയിലെയും നാല് കോൺസുലേറ്റുകളിലെയും ഞങ്ങളുടെ സംഘം വിസാ സംബന്ധിച്ചുള്ള ആവശ്യങ്ങൾ നിറവേറ്റാൻ അ്ശ്രാന്തമായി പരിശ്രമിക്കുകയായിരുന്നു.-അദ്ദേഹം പറയുന്നു.
ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ പഠനത്തിനും കുടിയേറ്റത്തിനും ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് അമേരിക്ക. യുഎസിൽ പഠിക്കുന്ന ഒരു ദശലക്ഷത്തിലധികം വിദേശ വിദ്യാർത്ഥികളിൽ നാലിലൊന്നിലധികവും ഇന്ത്യയിൽ നിന്നുള്ളവരാണ്.കാനഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ പഠനത്തിനായി തിരഞ്ഞെടുക്കുന്ന ആദ്യത്തെ മൂന്ന് രാജ്യങ്ങൾ.