പാരിസ്: ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒളിമ്പിക്സ് ഗെയിംസിന് തിരശ്ശീലയിടാൻ പാരിസ് തയ്യാറെടുക്കുമ്പോൾ, ഞായറാഴ്ച മെഡൽ വേട്ടയിൽ ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനത്തെത്തി. 17 ദിവസത്തെ വാശിയേറിയ മത്സരത്തിന്റെ ആവേശകരമായ ഫൈനലിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് വനിതാ ബാസ്‌ക്കറ്റ്ബോൾ ടീം 67-66 എന്ന സ്‌കോറിന് ഫ്രാൻസിനെ കീഴടക്കി ഗെയിംസിലെ അവസാന സ്വർണം നേടി. ഗെയിമുകൾ അവസാനിക്കുമ്പോൾ അമേരിക്ക ചൈനയ്‌ക്കൊപ്പം 40 സ്വർണം വീതം നേടി സമനില ഉറപ്പിച്ചു.
ആകെ 126 മെഡലുകളുമായി യുഎസ്എ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി, ചൈന 91 മെഡലുകളുമായി രണ്ടാം സ്ഥാനത്താണ്. അതേസമയം, അഞ്ച് വെങ്കലവും ഒരു വെള്ളിയും ആറ് മെഡലുകളുമായി ഇന്ത്യ 71-ാം സ്ഥാനത്താണ്.
ഉദ്ഘാടന ചടങ്ങിൽ ലോകത്തെ വിസ്മയിപ്പിച്ച പാരിസ്, സമാപനത്തിൽ കരുതിവച്ചിരിക്കുന്ന അത്ഭുങ്ങൾ കണ്ടറിയണം. പതിനഞ്ച് പകലിരവുകൾക്ക് ഇപ്പുറം കണ്ണഞ്ചിപ്പിക്കുന്നൊരു സമാപനമൊരുക്കിയാണ് പാരിസ് കാത്തിരിക്കുന്നത്. തുറന്ന വേദിയിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്ന ചടങ്ങുകൾ എണ്‍പതിനായിരം പേർക്കൊരുമിച്ച് കാണാനാകും. ഉദ്ഘാടന ചടങ്ങിലൂടെ ലോകത്തെ വിസ്മയിപ്പിച്ച തോമസ് ജോളി തന്നെയാണ് സമാപനത്തിനും ദൃശ്യാവിഷ്‌കാരമൊരുക്കുന്നത്. ഹോളിവുഡ് താരം ടോം ക്രൂസ്, ബെൽജിയൻ ഗായിക ആഞ്ജലെ തുടങ്ങി വൻ താരനിബിഡമായ ആഘോഷ രാവ് ലോകത്തെ വിസ്മയിപ്പിക്കുമെന്നുറപ്പാണ്.
താരങ്ങളുടെ പരേഡിനു ശേഷം ഒളിംപിക് പതാക അടുത്ത വിശ്വകായിക മാമാങ്ക വേദിയായ ലൊസാഞ്ചലസിന് കൈമാറും. ഇന്ത്യൻ സംഘത്തിന്‍റെ പതാകയേന്തുക മലയാളി താരം പി ആർ ശ്രീജേഷും മനു ഭാക്കറുമാണ്. പാരിസിൽ അർധരാത്രി 12.30 നാകും സമാപന ചടങ്ങുകൾക്ക് തുടക്കമാകുക. ശേഷം പാരിസിൽ നിന്ന് കായിക ലോകത്തിന്‍റെ കണ്ണുകൾ ലൊസാഞ്ചലസിലേക്ക് പതിക്കും.