ഉന്നാവോ കേസ്: മുന്‍ ബിജെപി എംഎല്‍എയുടെ സഹോദരന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

ന്യൂഡല്‍ഹി: ഉന്നാവോ കേസിലെ പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ജയ്ദീപ് സെന്‍ഗാറിന്റെ പത്ത് വര്‍ഷത്തെ ശിക്ഷ ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. 2018ലെ ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ജയ്ദീപ് 2020 മാര്‍ച്ചിലാണ് ശിക്ഷിക്കപ്പെട്ടത്.

പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരനാണ് ജയ്ദീപ് സെന്‍ഗാര്‍. ബിജെപിയുടെ യുപിയിലെ കരുത്തനായ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരെ പീഡനപരാതി ഉന്നയിച്ചപ്പോള്‍ കുടുംബാംഗങ്ങളെ പഴയ കേസുകളില്‍ കുടുക്കി ജയിലിലിട്ടതും പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതും ഇരയും കുടുംബവും സഞ്ചരിച്ച കാറില്‍ ലോറി ഇടിച്ചതുമടക്കം വലിയ ഭീഷണികളാണ് പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെ ഉണ്ടായത്.

വാദം കേള്‍ക്കാന്‍ പോയി മടങ്ങവേ, എംഎല്‍എയുടെ സഹോദരനും കൂട്ടാളികളും ചേര്‍ന്നു പെണ്‍കുട്ടിയുടെ അച്ഛനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരാണു പ്രശ്‌നക്കാരെന്നു വരുത്തിത്തീര്‍ക്കാന്‍ പിതാവിന്റെയും അമ്മാവന്റെയും പേരിലുള്ള പഴയ കേസുകളെല്ലാം പൊടിതട്ടിയെടുക്കുകയാണ് പൊലീസ് ചെയ്തത്. 2018ല്‍ മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ തീകൊളുത്തി പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ പിതാവ് മരിച്ചത്.

കേസില്‍ ശിക്ഷിക്കപ്പെട്ട കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരന്‍ ജയ്ദീപ് കസ്റ്റഡിയിലിരിക്കെ വായില്‍ അര്‍ബുദം ഉണ്ടെന്ന് അവകാശപ്പെട്ട 2020 നവംബറില്‍ ഇടക്കാല ജാമ്യം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 18 വരെ ജാമ്യം നീട്ടുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ശിക്ഷാ കാലാവധി റദ്ദ് ചെയ്യണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. പത്തുവര്‍ഷത്തെ ശിക്ഷയുടെ 30 ശതമാനം മാത്രമേ അനുഭവിച്ചുള്ളൂവെന്ന് ചൂണ്ടിക്കാട്ടി സിബിഐ ഹര്‍ജിയെ എതിര്‍ക്കുകയായിരുന്നു.

More Stories from this section

family-dental
witywide