സാന്റിയാഗോ: ചിലിയിലുടനീളം ആളിപ്പടർന്ന കാട്ടുതീയെ തുടർന്ന് 46 പേർ കൊല്ലപ്പെട്ടു. തീ ജനവാസമേഖലകളിലും കനത്ത നാശനഷ്ടമുണ്ടാക്കി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ആയിരത്തിലേറെ വീടുകളാണ് കത്തിച്ചാമ്പലായത്. നൂറുകണക്കിനാളുകളെ കാണാതായി.
ചിലിയിലെ സാഹചര്യങ്ങളും താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് (104 ഡിഗ്രി ഫാരൻഹീറ്റ്) കുതിച്ചുയരുന്നതും പ്രതിസന്ധി രൂക്ഷമാക്കി. ചിലിയുടെ മധ്യ, തെക്കൻ ഭാഗങ്ങളിൽ പ്രസിഡൻ്റ് ഗബ്രിയേൽ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
“തീയിൽ 40 പേർ കൊല്ലപ്പെട്ടു, കൂടാതെ ആറ് പേർ പൊള്ളലേറ്റ് മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ഞങ്ങൾക്കറിയാം,” ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഹെലികോപ്റ്റർ വഴി ദുരന്തബാധിത പ്രദേശം സന്ദർശിച്ച ശേഷം ബോറിക് പറഞ്ഞു.
തീരദേശ നഗരമായ വിന ഡെൽ മാറിന് ചുറ്റുമുള്ള മലഞ്ചെരിവുകളിൽ ഒറ്റരാത്രികൊണ്ട് നിരവധി വീടുകൾ കത്തിനശിച്ചു. കനത്ത പുകയെ തുടർന്ന് വാൽപാറൈസോ ടൂറിസ്റ്റ് മേഖലയിലെ വിന ഡെൽ മാർ, മധ്യ ചിലിയുടെ തീരപ്രദേശം എന്നിവിടങ്ങളിൽ നിന്നും ജനങ്ങൾ പലായനം ചെയ്തു.
രാജ്യത്തെ 92 സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടായിട്ടുണ്ടെന്നും രാജ്യത്തുടനീളം 43,000 ഹെക്ടർ (106,000 ഏക്കർ) കത്തിനശിച്ചതായും ആഭ്യന്തര മന്ത്രി കരോലിന തോഹ അറിയിച്ചു.