ഗാസ: പല പാശ്ചാത്യ രാജ്യങ്ങളും യുഎൻ പലസ്തീൻ അഭയാർത്ഥി ഏജൻസിക്കുള്ള സഹായം താൽക്കാലികമായി നിർത്തിവയ്ക്കാൻ സ്വീകരിച്ച തീരുമാനം ഒരു “കൂട്ടായ ശിക്ഷയാണ്”, യുഎൻ മേധാവി അൻ്റോണിയോ ഗുട്ടെറസ്. ഗാസയ്ക്ക് ഇപ്പോൾ സഹായം വളരെയധികം ആവശ്യമാണെന്നും അത് നിലനിർത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ജർമനി, യുഎസ് തുടങ്ങിയ രാജ്യങ്ങൾ പലസ്തീൻ അഭയാർഥികൾക്കുവേണ്ടി പ്രവർത്തിക്കുന്ന യുഎൻ ഏജൻസിക്കുള്ള ധനസഹായം നിർത്തലാക്കിയ പശ്ചാത്തലത്തിലാണ് യുഎൻ മേധാവിയുടെ അഭ്യർഥന.
യുഎൻ ഏജൻസിയിലെ ചില അംഗങ്ങൾ ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനൊപ്പം നിന്നുവെന്ന ഇസ്രായേൽ ആരോപണത്തിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പ്രമുഖ ദാതാക്കൾ സഹായം നിർത്തുന്നതായി പ്രഖ്യാപിച്ചത്. ഒമ്പത് ജീവനക്കാരെ ഈ സംഭവവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ടിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിൽ മാത്രം 13,000 ജീവനക്കാർ യു.എൻ അഭയാർഥി ഏജൻസിക്ക് കീഴിലുണ്ട്. അഞ്ചു രാജ്യങ്ങളിലായി മൊത്തം 40,000 പേരും. ഗാസയിൽ 30,000 വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതുൾപ്പെടെ സേവനങ്ങൾ ഏജൻസി നിർവഹിക്കുന്നു. 12 ജീവനക്കാർ ഹമാസിനൊപ്പം ആക്രമണത്തിൽ പങ്കെടുത്തെന്നാണ് ഇസ്രായേൽ ആരോപണം. 2022ൽ യുഎൻ ഏജൻസിക്ക് യു.എസ് 34 കോടി ഡോളർ നൽകിയിരുന്നു. 20 ലക്ഷം പേരാണ് യുഎൻ ഏജൻസിയെ ആശ്രയിച്ചുകഴിയുന്നത്.