തിരഞ്ഞെടുപ്പിലെ തിരിച്ചടി: യുപിയിൽ നേതൃമാറ്റത്തിന് ബിജെപി, രാജി സന്നദ്ധത അറിയിച്ച് സംസ്ഥാന അധ്യക്ഷൻ

ന്യൂഡൽഹി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ വലിയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സംഘടനാപരമായ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് ബിജെപി സംസ്ഥാന നേതൃത്വമെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, പാർട്ടിയുടെ മോശം പ്രകടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്ത നീക്കത്തെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രിയെ അദ്ദേഹത്തിൻ്റെ വസതിയിൽ ചെന്ന് കണ്ടു.

നേരത്തെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് നേതൃമാറ്റം ഉടന്‍ നടക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

ഭൂപേന്ദ്ര ചൗധരിയുമായി പ്രധാനമന്ത്രി സംസ്ഥാനത്തെ സംഘടന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. ഭൂപേന്ദ്ര ചൗധരിയെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ അതേ സ്ഥാനത്ത് നിയോഗിക്കാനാണ് ബിജെപി ഒരുങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂപേന്ദ്ര ചൗധരി ജാട്ട് വിഭാഗത്തില്‍ നിന്നുള്ളയാളാണ്. നേരത്തെ ജാട്ട് വിഭാഗത്തിനുള്ളില്‍ ബിജെപിക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് ഭൂപേന്ദ്ര ചൗധരിയെ അധ്യക്ഷനാക്കിയത്.

സംസ്ഥാനത്തെ ജനസംഖ്യയില്‍ വലിയ വിഭാഗം പിന്നാക്കക്കാരാണ്. ഇത്തവണ പിന്നാക്കക്കാർ കൈവിട്ടതോടെയാണ് ബിജെപിക്ക് തിരിച്ചടിയുണ്ടായതെന്ന് നിരീക്ഷകര്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം വിലയിരുത്തുന്നു. പിന്നാക്കവിഭാഗങ്ങളുടെ വിശ്വാസം തിരികെ പിടിക്കുന്നതിന് വേണ്ടിയാണ് ആ വിഭാഗങ്ങളില്‍ നിന്നുള്ള നേതാവിന് അദ്ധ്യക്ഷസ്ഥാനം നല്‍കാന്‍ ബിജെപി ഒരുങ്ങുന്നത്.

2019ല്‍ ബിജെപി 69 ലോക്‌സഭ സീറ്റുകളാണ് നേടിയത്. ഇത്തവണ അത് 33ആയി ചുരുങ്ങിയിരുന്നു. അതിനെ തുടര്‍ന്നാണ് ബിജെപി നേതൃമാറ്റത്തിനൊരുങ്ങുന്നത്. 2017 നിയമസഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് നേതൃമാറ്റം.

More Stories from this section

family-dental
witywide