ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സഹോദരങ്ങളായ രണ്ട് യുവാക്കള്‍ ഒരു കാറിന് രൂപംമാറ്റം വരുത്തി ഹെലികോപ്ടറിനോട് സമാനമാക്കിയതും പിന്നാലെ പൊലീസ് പിടികൂടിയതുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറിലെ ഈശ്വര്‍ദീന്‍, പരമേശ്വരന്‍ എന്നീ സഹോദരന്മാരാണ് പഴയ മാരുതി സുസുക്കി വാഗണ്‍ ആര്‍ കാറിനെ ഹെലികോപ്റ്ററാക്കി മാറ്റിയത്.
രൂപമാറ്റം വരുത്തിയ കാറ് വിവാഹത്തിന് വധൂവരന്മാര്‍ക്ക് സഞ്ചരിക്കാന്‍ നല്‍കാന്‍ യുവാക്കള്‍ പദ്ധതിയിട്ടിരുന്നു. മാത്രമല്ല, അങ്ങനെ നല്‍കുന്നതിലൂടെ കുടുംബത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാമെന്നും ഇരുവരും കണക്കുകൂട്ടിയിരുന്നു. പണികളൊക്കെ ഏകദേശം പൂര്‍ത്തിയാക്കുകയും പെയിന്റിംഗ് ജോലികള്‍ മാത്രം ബാക്കി നില്‍ക്കുകയും ചെയ്യുന്ന സമയത്താണ് ട്രാഫിക് പൊലീസ് കയ്യോടെ പൊക്കുന്നത്.
ഗതാഗത നിയമങ്ങള്‍ക്കെതിരായി നിര്‍മ്മിച്ചതും അനുമതിയില്ലാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതിനുമാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്.
സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം പ്രചരിക്കുന്ന വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ചിലര്‍ യുവാക്കളുടെ ഐഡിയ കൊള്ളാമെന്നും കഴിവിനെ അംഗീകരിക്കുന്നുവെന്നും പറഞ്ഞു. മറ്റ് ചിലരാകട്ടെ ഇതൊക്കെ ഇന്ത്യയില്‍ മാത്രമേ നടക്കൂവെന്നും പറയുന്നു.