ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസിൽ സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മന്ത്രവാദത്തിന്റെ പേരിൽ ബലികൊടുത്തതായി പോലീസ് അറിയിച്ചു. റാസ്‌ഗവാനിലെ ഡിഎൽ പബ്ലിക് സ്‌കൂളിന് വിജയം വരിക്കാനാണ് ഈ ആഴ്ച ആദ്യം സ്‌കൂൾ ഹോസ്റ്റലിൽ വെച്ച് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് ആരോപണം.
സ്‌കൂൾ ഡയറക്ടർ ദിനേശ് ബാഗേലിൻ്റെ പിതാവ് മന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നതായും പോലീസ് പറഞ്ഞു. സ്‌കൂളിന് പുറത്ത് കുഴൽക്കിണറിന് സമീപം വെച്ച് കുട്ടിയെ കൊലപ്പെടുത്താനാണ് പ്രതികൾ ആഗ്രഹിച്ചിരുന്നത്. എന്നാൽ, ഹോസ്റ്റലിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ കുട്ടി നിലവിളിക്കാൻ തുടങ്ങി. തുടർന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
അന്വേഷണത്തിൽ സ്‌കൂളിന് സമീപത്ത് നിന്ന് മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ കണ്ടെത്തി. പ്രതികൾ നേരത്തെ സെപ്തംബർ 6 ന് ഒമ്പതു വയസുള്ള മറ്റൊരു വിദ്യാർത്ഥിയെ ബലിയർപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.
തൻ്റെ മകന് അസുഖം ബാധിച്ചുവെന്ന് പറഞ്ഞ് തിങ്കളാഴ്ച സ്‌കൂൾ മാനേജ്‌മെൻ്റിൽ നിന്ന് വിളി വന്നതായി വിദ്യാർത്ഥിയുടെ പിതാവ് കൃഷൻ കുശ്‌വാഹ നൽകിയ പരാതിയിൽ പറയുന്നു. കുശ്‌വാഹ സ്‌കൂളിലെത്തിയപ്പോൾ സ്‌കൂൾ ഡയറക്ടർ മകനെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അധികൃതർ പറഞ്ഞതായി പോലീസ് പറഞ്ഞു. പിന്നീട് ബാഗേലിൻ്റെ കാറിൽ നിന്ന് മകൻ്റെ മൃതദേഹം കണ്ടെടുത്തു.