യോഗിയുടെ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമോ? യുപി ബിജെപിയിൽ പ്രതിസന്ധി രൂക്ഷം, നിർണായക യോ​ഗത്തിൽ തീരുമാനമുണ്ടായേക്കും

ലക്നൗ: ഉത്തർപ്രദേശ് ബിജെപിയിൽ പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയെന്ന നിലയിൽ യോഗി ആദിത്യനാഥിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയോടെയാണ് പാർട്ടിക്കുള്ളിൽ കടുത്ത അസ്വാരസ്യങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്രസിംഗ് ചൗധരി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. യുപിയിലെ പാർട്ടിക്കുള്ളിലെ സംഘടനാ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച് സാധാരണ പ്രവർത്തകനായി തുടരാനാണ് താൽപ്പര്യമെന്ന് നദ്ദയെ മൗര്യ അറിയിച്ചതായാണ് റിപ്പോർട്ട്.

പ്രധാന നേതാക്കളായ മൗര്യയും യോഗിയും തമ്മിൽ ഏറെ നാളായി അത്ര സ്വരചേർച്ചയിലായിരുന്നില്ല. യോഗി നടപ്പാക്കുന്ന പല പദ്ധതികളും സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ ഇളക്കുന്നതാണെന്ന് മൗര്യ പാർട്ടി വേദികളിൽ സൂചിപ്പിച്ചിരുന്നുവെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർക്ക് അമിത സ്വാതന്ത്ര്യം നൽകിയെന്നും തിരഞ്ഞെടുപ്പുസമയത്ത് ഉദ്യോഗസ്ഥർ പാർട്ടിക്ക് എതിരായിരുന്നുവെന്നുമാണ് യോഗി വിരുദ്ധർ പ്രചരിപ്പിക്കുന്നത്.

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മോദിയുൾപ്പടെയുളള ഉന്നതർ മുഖ്യമന്ത്രി യോഗിയുമായി ഉടൻ കൂടിക്കാഴ്ച നടത്തിയേക്കും. ഈ യോ​ഗത്തിന് ശേഷമായിരിക്കും നിർണായക തീരുമാനങ്ങൾ ഉണ്ടാവുക. കേന്ദ്ര നേതൃത്വം സംസ്ഥാനത്ത് ഉടൻ ഇടപെടണമെന്ന് ഭൂരിപക്ഷം ബി ജെപി എംഎൽഎമാരും ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇടപെടാതെ മാറിനിന്നാൽ അത് പാർട്ടി സംസ്ഥാന ഘടകത്തിൽ ഒരു പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കുമെന്നും നേതൃത്വം ഭയക്കുന്നുണ്ട്.

നേതൃമാറ്റം അല്ലാതെ ഒന്നുകൊണ്ടും തൃപ്തരാവില്ല എന്ന ഉറച്ച നിലപാടിലാണ് യോഗി വിരുദ്ധർ. ആ നിലയ്ക്ക് യോഗിയുടെ വാക്കുകൾ കൂടി പരിഗണിച്ചശേഷമായിരിക്കും തീരുമനം എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആർഎസ്എസിന്റെ പിന്തുണയുളള യോഗിയെ ഒതുക്കുക ബിജെപിക്ക് അത്ര എളുപ്പമാവില്ല.

UP CM Yogi Adityanath may resign as Chief minister, says report

More Stories from this section

family-dental
witywide