ലഖ്‌നൗ: ഉത്തർപ്രദേശിലെ ബന്ദയിൽ കുഴൽക്കിണറിൽ നിന്ന് വെള്ളമെടുത്തതിന് ഉടമയും മകനും ചേർന്ന് ദളിത് യുവതിയെ ക്രൂരമായി മർദ്ദിച്ചു. ഉടമയും മകനും ചേർന്ന് ആദ്യം ജാതി അധിക്ഷേപം നടത്തുകയും വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മാത്രമല്ല യുവതിയെ സമീപത്തെ വയലിലേക്ക് കഴുത്തിൽപ്പിടിച്ച് തള്ളുകയും ചെയ്തു. യുവതിയുടെയും ഭർത്താവിന്‍റെയും പരാതി സ്വീകരിച്ച പൊലീസ് എഫ് ഐ ആർ ഇട്ടിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ് ഐ ആർ രജിസ്റ്റർ ചെയ്യുമെന്ന് ജസ്‌പുര പൊലീസ് അറിയിച്ചു.
വിശദ വിവരങ്ങൾ ഇങ്ങനെ
യു പിയിലെ ജസ്പൂരയിലാണ് സംഭവം നടന്നത്. ദളിത് യുവതിയായ സീതാ ദേവിയും മറ്റ് നാല് സ്ത്രീകളും കുംഹാരിയ ദേര ഗ്രാമത്തിൽ ചന്ദ്രശേഖർ സിങ്ങിൻ്റെ പാടത്താണ് നെല്ല് വിതയ്ക്കാൻ പോയത്. ഇതിനിടെ ദാഹിച്ചപ്പോൾ ചന്ദ്രശേഖറിൻ്റെ സഹോദരൻ രാജേന്ദ്ര പ്രതാപ് സിങ്ങിൻ്റെ കുഴൽക്കിണറിൽ നിന്ന് വെള്ളം കുടിച്ചതിനാണ് ആക്രമണം ഉണ്ടായതെന്ന് സീത ദേവിയുടെ ഭർത്താവ് പുട്ടു സോങ്കർ പറഞ്ഞു.
സീതാദേവി കുടിക്കാൻ വെള്ളമെടുത്തയുടനെ പരിസരിത്തുണ്ടായിരുന്ന രാജേന്ദ്രയും മകനും ചേർന്ന് ശകാരിക്കുകയും പിന്നീട് മർദ്ദിക്കുകയുമായിരുന്നുവെന്ന് ഭർത്താവ് വിശദീകരിച്ചു. കുടിക്കാൻ വെള്ളമെടുത്തപ്പോൾ താഴ്ന്ന ജാതിയിൽപ്പെട്ടവർ ഈ കിണറിൽ നിന്ന് വെള്ളം എടുക്കരുതെന്ന് പറഞ്ഞ് രാജേന്ദ്ര അധിക്ഷേപിക്കുകയായിരുന്നു. നിങ്ങളുടെ കിണറിൽ നിന്ന് വെള്ളം കുടിക്കുന്നതിൽ ജാതിയുടെ കാര്യം പറയുന്നതെന്തിനെന്ന് സീതാ ദേവി ചോദിച്ചതോടെ മകൻ ജിതേന്ദ്ര വടി എടുത്ത് സീതാദേവിയുടെ പുറകിൽ അടിച്ചു. ശേഷം രാജേന്ദ്ര അവളുടെ കഴുത്തിൽ പിടിച്ച് നെൽവയലിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും പുട്ടു സോങ്കർ വിവരിച്ചു.