യുപിയില്‍ മന്ത്രിയെ തെരുവില്‍ കൈകാര്യം ചെയ്ത് ജനം; ‘നിങ്ങൾ ഞങ്ങൾക്കു വേണ്ടി എന്തു ചെയ്തു?’

ലഖ്‌നൗ: ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് നിഷാദിനെ കയ്യേറ്റം ചെയ്ത് ജനം. ഖലീലാബാദ് കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ചിലർ ചേർന്ന് മന്ത്രിയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി വിനോദ് കുമാർ പരാതി നൽകി.

ഞായറാഴ്ച രാത്രി മുഹമ്മദ്പൂർ കാതർ ഗ്രാമത്തിലാണ് സംഭവം നടന്നത്. മന്ത്രിയെന്ന നിലയിൽ നിഷാദിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ മകൻകൂടിയായ മണ്ഡലത്തിലെ എംപിയുടെ അസാന്നിദ്ധ്യത്തെ കുറിച്ചും ആളുകൾ ചോദിക്കുകയുണ്ടായി. ബഹളത്തെത്തുടർന്ന് മൂക്കിൽ നിന്ന് രക്തം വാർന്ന നിഷാദിനെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

“ഞാൻ നിഷാദ് കമ്മ്യൂണിറ്റിയെ നയിക്കുന്നു. എൻ്റെ പ്രവർത്തകർ എവിടെയായിരുന്നാലും അവരുടെ വിവാഹങ്ങളിൽ പങ്കെടുക്കും. ഞായറാഴ്ച മൊഹമ്മദ്പൂർ കത്തർ ഗ്രാമത്തിലെ എൻ്റെ പ്രവർത്തകന്റെ വിവാഹമായിരുന്നു,” നിഷാദ്, സന്ത് കബീർ നഗറിൽ മാധ്യമങ്ങളോട് പറഞ്ഞു.

“ജയമാല ചടങ്ങിനായി ഞാൻ കാത്തിരിക്കുമ്പോൾ, പിന്നിൽ നിന്ന് ചിലർ എൻ്റെ മകനും എംപിയുമായ പ്രവീൺ നിഷാദിനെയും നിഷാദ് പാർട്ടിയെയും അപകീർത്തിപ്പെടുത്താൻ തുടങ്ങി. അവർ ഞങ്ങളുടെ സമുദായത്തിൽ നിന്നുള്ളവരായിരിക്കാം, കാര്യങ്ങൾ വിശദീകരിക്കാം എന്ന് ഞാൻ കരുതി. അവരോട് എംപി വരുമ്പോൾ സംസാരിക്കാൻ ആവശ്യപ്പെട്ടു, ‘നിങ്ങൾ മന്ത്രിയാണ്, നിങ്ങൾ എന്താണ് ചെയ്തത്?’ എന്നവർ ചോദിച്ചു,” അദ്ദേഹം പറഞ്ഞു.

“എൻ്റെ കണ്ണട പൊട്ടി, മൂക്കിൽ അടിച്ചു… അവർ യാദവന്മാരായിരുന്നു. ഞാൻ പേരു പറയുന്നില്ല. ഏകദേശം 20-25 പേരുണ്ടായിരുന്നു. ഞാൻ ഇവിടെ വന്നതു മുതൽ ആളുകൾ ജാതി സംഘർഷങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്,” നിഷാദ് പറഞ്ഞു.

സഞ്ജയ് നിഷാദിൻ്റെ മകൻ പ്രവീൺ നിഷാദ് സന്ത് കബീർ നഗറിൽ നിന്നുള്ള ബിജെപി എംപിയാണ്. തൻ്റെ പിതാവിന് നേരെയുണ്ടായ ആക്രമണം പ്രതിപക്ഷ പാർട്ടികളുടെ നിരാശയും പൊതുതെരഞ്ഞെടുപ്പിലെ പരാജയഭീതിയും പ്രകടമാക്കുന്നതാണെന്ന് പ്രവീൺ നിഷാദ് അവകാശപ്പെട്ടു.

More Stories from this section

family-dental
witywide