ബറേലി: 13 മാസത്തിനിടെ 9 സ്ത്രീകളെ കൊലപ്പെടുത്തി ഉത്തർപ്രദേശിനെ ഞെട്ടിച്ച സീരിയൽ കില്ലർ ഒടുവിൽ അറസ്റ്റിൽ. 22 സംഘമായി തിരിഞ്ഞ് 25 കിലോമീറ്റർ പരിസര പ്രദേശത്ത് പൊലീസ് നടത്തിയ തെരച്ചിലിന് ഒടുവിലാണ് നവാബ്ഗഞ്ച് സ്വദേശിയായ കുൽദീപ് ഗംഗ്വാർ പിടിയിലായത്. സാരിയോ ഷാളോ ഉപയോഗിച്ച് സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം കൃഷിയിടങ്ങളിൽ ഉപയോഗിക്കുകയായിരുന്നു ഇയാളുടെ രീതി. പ്രാഥമിക് അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിന് സീരിയൽ കില്ലറെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്.
രണ്ടാനമ്മയുടെ ക്രൂരതയും കുടുംബ പ്രശ്നങ്ങളുമാണ് ഇയാളെ ഇത്തരം ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വിശദമാക്കി. 45നും 65നും പ്രായമുള്ള ഗ്രാമീണരായ സ്ത്രീകളെ ആയിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നത്. അമ്മ ജീവിച്ചിരിക്കെ പിതാവ് രണ്ടാം വിവാഹം ചെയ്തതും, രണ്ടാനമ്മയുടെ മർദ്ദനവും, വിവാഹത്തിന് തൊട്ട്പിന്നാലെ ഭാര്യ ഉപേക്ഷിച്ചതുമെല്ലാം ഇയാളെ സ്ത്രീകൾക്കെതിരായ അക്രമത്തിന് പ്രേരിപ്പിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്.
1500 സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത് . ഇതിന് പിന്നാലെ വ്യാഴാഴ്ചയാണ് പൊലീസ് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത് വിട്ടത്. ഇയാളുടെ പക്കൽ നിന്ന് കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരണവും പൊട്ടുകളും വസ്ത്രങ്ങളും ഇയാൾ സൂക്ഷിച്ച് വച്ചിരുന്നു.
UP Serial killer arrested in Bareilly