ഉത്തരപേപ്പറില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാര്‍ഥികള്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡൽഹി: ഉത്തരക്കടലാസില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാര്‍ഥികളെ പരീക്ഷയില്‍ പാസ്സാക്കിയ ഉത്തർപ്രദേശിലെ ജൗൻപൂരിലെ ഒരു സർക്കാർ സർവ്വകലാശാലയിലെ രണ്ട് പ്രൊഫസർമാരെ സസ്‌പെൻഡ് ചെയ്തു. ഉത്തരക്കടലാസില്‍ ‘ജയ് ശ്രീറാം’, ക്രിക്കറ്റ് താരങ്ങളുടെ പേരുകള്‍ എഴുതിയാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ വിജയിച്ചതെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് യുപിയിലെ സര്‍വകലാശാലയിലെ രണ്ട് പ്രൊഫസര്‍മാര്‍ക്കെതിരെയാണ് നടപടി.

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ക്രമക്കേട് പുറത്തായത്. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ സര്‍ക്കാര്‍ സര്‍വകലാശാലയിലെ രണ്ട് പ്രൊഫസര്‍മാരെയാണ് സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഒന്നാം വർഷ ഫാർമസി കോഴ്‌സിലെ 18 വിദ്യാർത്ഥികളുടെ റോൾ നമ്പർ നൽകി അവരുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം നടത്തണമെന്ന് ആവശ്യപ്പെട്ട് വീർ ബഹാദൂർ സിംഗ് പൂർവാഞ്ചൽ സർവകലാശാലയിലെ മുൻ വിദ്യാർത്ഥി ദിവ്യാൻഷു സിംഗ് കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിന് വിവരാവകാശം നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പ്രൊഫസർമാരായ വിനയ് വർമയും ആശിഷ് ഗുപ്തയും വിദ്യാർത്ഥികളെ വിജയിപ്പിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ദിവ്യാൻഷു സിംഗ് ആരോപിച്ചു. സംസ്ഥാന ഗവർണർക്ക് തെളിവുകളടക്കം ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസില്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങളും രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ പേരുകളും എഴുതിയ വിദ്യാര്‍ത്ഥികള്‍ വിജയിച്ചതായി കണ്ടെത്തി. 50 ശതമാനത്തിലധികം മാര്‍ക്കും ഇവര്‍ക്ക് നല്‍കി. സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സൂക്ഷ്മപരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സസ്‌പെന്‍ഷന് പുറമെ പ്രൊഫസര്‍മാരെ പിരിച്ചുവിടാനുള്ള ശുപാര്‍ശ നല്‍കിയതായും വൈസ് ചാന്‍സലര്‍ വന്ദന സിംഗ് സ്ഥിരീകരിച്ചു.

More Stories from this section

family-dental
witywide