പൂജ ഖേദ്കർ അടിമുടി വ്യാജമെന്ന് റിപ്പോർട്ട്, നടപടിക്ക് യുപിഎസ്‌സി; ഐഎഎസ് ഉദ്യോഗസ്ഥയുടെ സിലക്ഷന്‍ റദ്ദാക്കും

ന്യൂഡൽഹി: പൂജ ഖേദ്കറുടെ ഐഎഎസ് സിലക്ഷൻ റദ്ദാക്കാൻ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി). ഇതുസംബന്ധിച്ച കമ്മിഷൻ നോട്ടീസ് പുറത്തുവിട്ടു. പ്രവേശന പരീക്ഷ പാസാകുന്നതിനായി സ്വന്തം ഐഡന്റിറ്റി ഉൾപ്പെടെ നിരവധി കാര്യങ്ങൾ പൂജ വ്യാജമായി ചമച്ചുവെന്ന് കണ്ടെത്തിയതായും യുപിഎസ്‌സി അറിയിച്ചു.

സംഭവത്തിൽ പൂജ ഖേദ്കർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. വഞ്ചന, കൃത്രിമ രേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസിന്റെ നടപടി.

യുപിഎസ്‌സി നടത്തിയ അന്വേഷണത്തിൽ നിന്നും പേര്, വിലാസം, മാതാപിതാക്കളുടെ പേര് തുടങ്ങിയവയില്‍ മാറ്റങ്ങള്‍ വരുത്തി, അനുവദനീയമായതിലും കൂടുതല്‍ തവണ പരീക്ഷ എഴുതാനുള്ള അവസരങ്ങള്‍ പൂജ നേടിയെന്ന് കണ്ടെത്തിയതായി യുപിഎസ്‌സി അറിയിച്ചു. കാഴ്ച പ്രശ്നമുണ്ടെന്നും മാനസിക പ്രശ്നമുണ്ടെന്നും പൂജ കള്ളം പറഞ്ഞതായും യുപിഎസ്‌സിയുടെ സമഗ്രമായ അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിൻ്റെ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നോട്ടീസ് അയച്ചത്.

പൂജ ഖേദ്കർക്ക് കമ്മീഷൻ കാരണം കാണിക്കൻ നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരുടെ മറുപടിയെ ആശ്രയിച്ചായിരിക്കും തുടർനടപടികൾ. ഭാവിയിൽ പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും ഇവരെ വിലക്കിയേക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.

സ്വകാര്യ കാറില്‍ അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡ് വെക്കുകയും ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തതോടെയാണ് പുണെ അസിസ്റ്റന്റ് കളക്ടറായിരുന്ന പൂജ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. സ്വകാര്യ കാറിലെ സഞ്ചാരവും അഡീഷണല്‍ കളക്ടറുടെ ചേമ്പര്‍ കയ്യേറിയതും വിവാദമായതോടെ പൂജയെ വാഷിം ജില്ലയിലക്ക് സ്ഥലം മാറ്റുകയായിരുന്നു. പിന്നാലെ പൂജ ഖേദ്കറിനെതിരെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉയര്‍ന്നു.

2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവര്‍ സര്‍വീസില്‍ പ്രവേശിക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മ്മിച്ചുവെന്നാണ് പിന്നാലെ വന്ന ആരോപണം. കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് പൂജ യുപിഎസ്‌സി പരീക്ഷയെഴുതിയത്. ഒബിസി വിഭാഗത്തിലെ പരീക്ഷാര്‍ഥിയായിരുന്നു പൂജ. ഐഎഎസ് സിലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ട്.

More Stories from this section

family-dental
witywide