വാഷിംഗ്ടൺ: ആഗോള വിപണിയില്‍ ക്രൂഡ് ഓയിൽ വിലയിൽ വമ്പൻ ഇടിവ്. കഴിഞ്ഞ 3 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് അസംസ്‌കൃത എണ്ണയുടെ വില കൂപ്പു കുത്തിയത്. നിലവിൽ ബാരലിന് 70 ഡോളറില്‍ താഴെയാണ് ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍റെ വില. അമേരിക്കയിലും ചൈനയിലും ഡിമാന്‍ഡ് കുറഞ്ഞതോടെയാണ് ക്രൂഡ് ഓയിൽ വില താഴേക്ക് പതിച്ചത്.
ഈ മാസം ഇത് വരെ ക്രൂഡ് ഓയില്‍ വിലയില്‍ 13 ശതമാനം ഇടിവുണ്ടായതായാണ് കണക്ക്. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 68.69 ഡോളറിലെത്തി. 2021 ഡിസംബറിന് ശേഷം ഇതാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളിലെ ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറില്‍ താഴെ എത്തുന്നത്.
ആഗോള എണ്ണ ഡിമാന്‍റ് പ്രതിദിനം 2.03 ദശലക്ഷം ബാരലായാണ് കണക്കുകൂട്ടല്‍ എന്നാണ് ഒപെകിന്‍റെ പ്രവചനം. നേരത്തെ ഇത് 2.11 ദശലക്ഷം ബാരലായിരിക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഡിമാന്‍റ് കുറയുമെന്ന റിപ്പോര്‍ട്ടുകളും എണ്ണ വില കുറയുന്നതിനിടയാക്കി. 2025 ലെ എണ്ണയുടെ ആഗോള ഡിമാന്‍ഡ് വളര്‍ച്ചാ അനുമാനം 1.78 ദശലക്ഷം ബിപിഡിയില്‍ നിന്ന് 1.74 ദശലക്ഷം ബിപിഡി ആയി ഒപെക് കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഇന്ധന വില കുറയുമോ എന്നതാണ് കണ്ടറിയേണ്ടത്.