
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപോര്‍ട്ടിനോട് താരസംഘടനയായ അമ്മ പ്രതികരിച്ച രീതി ശരിയായില്ലെന്ന് തുറന്നടിച്ച് നടി ഉർവശി. അമ്മ ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ടുവച്ച ഉര്‍വശി, അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെയും വിമർശനമുന്നയിച്ചു. സിദ്ദിഖ് ഇന്നലെ സംസാരിച്ചത് താന്‍ കേട്ടു. സിദ്ദിഖിന്റെ ഒഴുക്കന്‍ മട്ടിലുള്ള മറുപടി ശരിയായില്ലെന്നും ഉർവശി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളില്‍ ആദ്യം നടപടിയെടുക്കേണ്ടത് അമ്മ സംഘടനയാണെന്നും സര്‍ക്കാരല്ലെന്നും അവര്‍ ചൂണ്ടികാട്ടി. അമ്മ എത്രയും പെട്ടെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണം. പരാതി ഉള്ളവര്‍ മുന്നോട്ട് വരണം. താന്‍ പരാതിക്കാരാായ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുമെന്നും ഉര്‍വശി പറഞ്ഞു. ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിപ്പോയെന്നും അവരെന്താകും അവരുടെ നാട്ടില്‍ പോയി പറഞ്ഞിട്ടുണ്ടാവുക എന്നും ഓർത്തുനോക്കിയിട്ടുണ്ടോയെന്നും ഉര്‍വശി ചോദിച്ചു.
അതേസമയം സിനിമാ സെറ്റില്‍ നിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കളവാകും. എനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകള്‍ എടുപ്പിച്ചിട്ടുണ്ടെന്നും തനിക്കും അത്തരത്തില്‍ അനുഭവമുണ്ടായിട്ടുണ്ടെന്നും ഉര്‍വശി കൂട്ടിച്ചേർത്തു.