
വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ യുക്രെയ്‌ന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. 125 മില്യൺ ഡോളറിന്റെ സൈനിക പാക്കേജാണ് അമേരിക്ക പ്രഖ്യാപിച്ചത്. യുക്രെയ്ൻ ഇന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി ഇരു നേതാക്കളും നടത്തിയ ചർച്ചയ്‌ക്കിടെയാണ് പ്രഖ്യാപനം നടത്തിയത്.
യുക്രെയ്‌ന് പുതിയ സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചതിൽ അഭിമാനമുണ്ടെന്ന് ബൈഡൻ പ്രസ്താവനയിലൂടെ അറിയിച്ചു. വ്യോമ പ്രതിരോധ മിസൈലുകൾ, അത്യാധുനിക ആയുധങ്ങൾ, ആന്റി ആർമർ മിസൈലുകൾ, മൊബൈൽ റോക്കറ്റ് സംവിധാനങ്ങൾ എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പോരാട്ടത്തിൽ റഷ്യ വിജയിക്കില്ലെന്നും, യുക്രെയ്‌നിലെ ജനങ്ങൾക്കായിരിക്കും അന്തിമ വിജയമെന്നും ബൈഡൻ പറഞ്ഞു. അമേരിക്കയും സഖ്യകക്ഷികളും യുക്രെയ്‌നോടൊപ്പം നിലകൊള്ളുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
അടിയന്തര ആവശ്യങ്ങൾക്കുള്ള സഹായമെന്ന നിലയിലാണ് അമേരിക്ക ഇപ്പോൾ സൈനിക സഹായം കൈമാറുന്നത്. സൈനിക സഹായത്തിന് സെലൻസ്‌കിയും ബൈഡനെ നന്ദി അറിയിച്ചു. വ്യോമ പ്രതിരോധ മേഖലയിൽ ലഭിച്ച സഹായം തങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്ന് സെലൻസ്‌കി അറിയിച്ചു. 2022ൽ റഷ്യ-യുക്രെയ്ൻ പോരാട്ടം ആരംഭിച്ചത് മുതൽ 55 ബില്യൺ ഡോളറിന്റെ ആയുധങ്ങളും മറ്റ് സുരക്ഷാ ഉപകരണങ്ങളും അമേരിക്ക യുക്രെയ്‌ന് കൈമാറിയിട്ടുണ്ട്.