യുഎസ് ഒരു ‘പരാജയപ്പെടുന്ന രാഷ്ട്രം’: അലക്സി നവല്‍നിയുടെ മരണത്തെ തന്റെ നിയമപോരാട്ടവുമായി താരതമ്യം ചെയ്ത് ട്രംപ്

വാഷിംഗ്ടണ്‍: റഷ്യയിലെ ജയിലില്‍വെച്ച് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ മരണത്തെ അമേരിക്കയിലെ തന്റെ സ്വന്തം നിയമ പോരാട്ടങ്ങളുമായി താരതമ്യം ചെയ്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

നവല്‍നിയുടെ മരണം തന്റെ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ‘കൂടുതല്‍ ബോധവാന്മാരാക്കി’ എന്ന് അഭിപ്രായപ്പെട്ട ട്രംപ് യുഎസിനെ ‘പരാജയപ്പെടുന്ന രാഷ്ട്രം’എന്നും മുദ്രകുത്തി.

”അലക്‌സി നവല്‍നിയുടെ പെട്ടെന്നുള്ള മരണം നമ്മുടെ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് എന്നെ കൂടുതല്‍ കൂടുതല്‍ ബോധവാനാക്കിയെന്നും ‘ഇത് സാവധാനത്തിലുള്ളതും സ്ഥിരതയുള്ളതുമായ പുരോഗതിയാണ്, വളഞ്ഞ, തീവ്ര ഇടതുപക്ഷ രാഷ്ട്രീയക്കാരും, പ്രോസിക്യൂട്ടര്‍മാരും, ജഡ്ജിമാരും നമ്മെ നാശത്തിലേക്കുള്ള പാതയിലേക്ക് നയിക്കുന്നു. തുറന്ന അതിര്‍ത്തികള്‍, കബളിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പുകള്‍, തികച്ചും അന്യായമായ കോടതിമുറി തീരുമാനങ്ങള്‍ എന്നിവ അമേരിക്കയെ നശിപ്പിക്കുകയാണ്. ഞങ്ങള്‍ തകര്‍ച്ചയിലായ ഒരു രാഷ്ട്രമാണ്, പരാജയപ്പെടുന്ന രാഷ്ട്രമാണ്!” എന്നും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ എഴുതി.

ഫെബ്രുവരി 16 ന് റഷ്യന്‍ ജയിലില്‍ വച്ച് മരണമടഞ്ഞ നവല്‍നിയുടെ മരണത്തെക്കുറിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ പരാമര്‍ശങ്ങളായിരുന്നു ഇത്.

മുപ്പതുവര്‍ഷത്തെ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റഷ്യയിലെ ജയിലില്‍ കഴിയവെയാണ് നവല്‍നി കുഴഞ്ഞുവീണ് മരിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. പുടിനെ വലിയ രീതിയില്‍ നിരന്തരം വിമര്‍ശിച്ചിട്ടുള്ള നെവല്‍നിയുടെ മരണത്തിലെ ദുരൂഹത ഇതിനോടകം ലോകരാജ്യങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്.