റഷ്യക്കെതിരെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് അനുമതി

വാഷിങ്ടണ്‍: റഷ്യക്കെതിരെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതിന് യുക്രൈനു മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി യുഎസ് . ആദ്യഘട്ടമായി പശ്ചിമ റഷ്യയിലെ കസ്‌ക് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന റഷ്യന്‍-ഉത്തരകൊറിയന്‍ സംയുക്ത സേനയെയാകും യുക്രൈന്‍ ലക്ഷ്യംവെക്കുക എന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റംസ്(എടിഎസിഎംഎസ് )എന്നറിയപ്പെടുന്ന ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈനിന് അനുമതി നല്‍കിയത് ഉത്തരകൊറിയന്‍ സൈനികരെ യുദ്ധത്തില്‍ പങ്കെടുപ്പിക്കാനുള്ള റഷ്യയുടെ നീക്കത്തിനുള്ള മറുപടിയാണെന്നാണ് വിലയിരുത്തല്‍.

സുപ്രധാന മാറ്റമാണ് വിലക്ക് നീക്കിക്കൊണ്ട് യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെടുത്ത തീരുമാനം. യുദ്ധമവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനിടെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇതുസംബന്ധിച്ച് പ്രതികരണങ്ങളൊന്നും വൈറ്റ് ഹൗസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

അതേ സമയം വാർത്ത ശരിവെയ്ക്കുന്ന രീതിയിലായിരുന്നു യുക്രൈൻ പ്രസിഡൻ്റ് വൊളോദിമർ സെലൻസ്കിയുടെ പ്രതികരണം. ‘ഉചിതമായ നടപടി സ്വീകരിക്കാൻ ഞങ്ങൾക്ക് അനുമതി ലഭിച്ചുവെന്നാണല്ലോ മാധ്യമങ്ങളിലെ ചർച്ച.പോരാട്ടങ്ങൾ വാക്കുകൾ കൊണ്ടല്ല പ്രകടമാക്കേണ്ടത്.അത്തരം കാര്യങ്ങളൊന്നും പ്രഖ്യാപിക്കുന്നില്ല,മിസൈലുകൾ സ്വയം സംസാരിച്ചുകൊള്ളും’,സെലൻസ്കി വ്യക്തമാക്കി.

US allowed Ukraine to use long-range missiles against Russia