ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം : പൗരന്മാരോട് ലെബനന്‍ വിടാന്‍ ആവശ്യപ്പെട്ട് യുഎസും യുകെയും, കിട്ടുന്ന ടിക്കറ്റില്‍ കയറി പോരൂ…

ഇസ്രായേലും ഹിസ്ബുള്ളയും സംഘര്‍ഷം കൊടുംപിരി കൊണ്ടിരിക്കെ തങ്ങളുടെ പൗരന്മാരോട് എത്രയും പെട്ടെന്ന് ലെബനന്‍ വിടാന്‍ ഉപദേശിച്ച് യു.എസും യുകെയും. കിട്ടുന്ന ടിക്കറ്റില്‍ കയറിപ്പോരാനാണ് നിര്‍ദേശം. സ്ഥിതി ഗതികള്‍ അത്രയ്ക്കും മോശമാണെന്നാണ് വിലയിരുത്തല്‍. പൗന്മാരുടെ ജീവനുതന്നെ ഭീഷണിയാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന്റെ സൂചന കൂടിയാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.

ചില എയര്‍ലൈനുകള്‍ രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും, ഫ്‌ലൈറ്റുകള്‍ ഇപ്പോഴും ലഭ്യമാണെന്നും പൗരന്മാര്‍ മിഡില്‍ ഈസ്റ്റേണ്‍ രാജ്യം വിടാന്‍ ലഭ്യമായ ഏത് വിമാനവും ബുക്ക് ചെയ്യണമെന്നും ലെബനനിലെ യുഎസ് എംബസി അറിയിച്ചു.

അതേസമയം, ലെബനനിലുള്ള എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും ഉടന്‍ തിരികെപോരാന്‍ യുകെ സര്‍ക്കാരും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിരിമുറുക്കം വര്‍ദ്ധിക്കുകയാണ്, സ്ഥിതിഗതികള്‍ അതിവേഗം വഷളായേക്കാമെന്ന് പൗരന്മാര്‍ക്കുള്ള നിര്‍ദേശത്തില്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി പറഞ്ഞു.

യുഎസിനും യുകെയ്ക്കും പുറമേ ഇന്ത്യയടക്കമുള്ള രാജ്യങ്ങളും, തങ്ങളുടെ പൗരന്മാര്‍ക്ക് എത്രയും വേഗം ലെബനന്‍ വിടാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം കാരണം മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍, ത്തിന് ശേഷം കൂടുതല്‍ ഉയര്‍ന്നു.

ഇസ്രയേലും ഹമാസും തമ്മില്‍ ഗാസയില്‍ 10 മാസമായി തുടരുന്ന യുദ്ധം വലിയതരത്തിലുള്ള മിഡില്‍ ഈസ്റ്റ് സംഘര്‍ഷമായി മാറുമോ എന്ന ആശങ്കയ്ക്ക് ആക്കം കൂട്ടിയാണ് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയ്യുടെയും ലെബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവിന്റെയും കൊലപാതകങ്ങള്‍.