ഇന്ത്യൻ പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്രസഭയും, ‘സിഎഎ മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനം’

ദില്ലി: ഇന്ത്യൻ പൗരത്വ നിയമ ഭേദ​ഗതിയിൽ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും രം​ഗത്ത്. അടിസ്ഥാനപരമായി തന്നെ വിവേചന സ്വഭാവമുള്ളതാണ് സി എ എ എന്നാണ് ഐക്യരാഷ്ട്രസഭ ആശങ്കയറിയിച്ചത്. കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയ പൗരത്വ നിയമ ഭേദ​ഗതി വിവേചനപരവും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവുമാണെന്നാണ് യു എൻ ഹൈക്കമ്മീഷണർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മനുഷ്യാവകാശ നിയമങ്ങളുടെ പരിധിയിൽ തന്നെയാണോ സി എ എ വരികയെന്ന് വിശദമായി പരിശോധിക്കുമെന്നും യു എൻ ഹൈക്കമീഷണർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം യു എന്നിന് പിന്നാലെ അമേരിക്കയും ഇന്ത്യൻ പൗരത്വ നിയമ ഭേദ​ഗതിയിൽ ആശങ്ക വ്യക്തമാക്കി രംഗത്തെത്തി. ഇന്ത്യയിൽ പൗരത്വഭേദ​ഗതി നടപ്പാക്കാനുള്ള നീക്കത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നാണ് അമേരിക്ക പ്രതികരിച്ചത്. നിലവിലെ സാഹചര്യത്തിൽ സി എ എ എങ്ങനെ പ്രാവർത്തികമാക്കുമെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ വിഭാ​ഗങ്ങൾക്കും നിയമപരമായ തുല്യതയും മൗലികവും ജനാധിപത്യപരവുമായ അവകാശമാണെന്നാണ് യു എസ് വക്താവ് റോയിട്ടേഴ്സിനോട് പ്രതികരിച്ചത്. എന്നാൽ ഈ രണ്ട് പ്രതികരണങ്ങളോടും ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

US and UN express concern about CAA