
വാഷിംഗ്ടൺ: റഷ്യ- യുക്രെയ്ൻ സൈന്യം സംഘർഷം തുടരുന്നതിനിടെ, വെള്ളിയാഴ്ച യുക്രെയ്നിന് 125 മില്യൺ ഡോളർ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. റഷ്യൻ ആക്രമണത്തിനെതിരായ പോരാട്ടം തുടരുമ്പോൾ, യുക്രെയ്നിനോടുള്ള തങ്ങളുടെ അവസാനിക്കാത്ത പ്രതിബദ്ധതയാണിതെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അമേരിക്കൻ സ്‌റ്റോക്ക്പൈലുകളിൽ നിന്നാണ് സഹായം ലഭിക്കുകയെന്നും എയർ ഡിഫൻസ് ഇൻ്റർസെപ്റ്ററുകൾ, റോക്കറ്റ് സംവിധാനങ്ങൾക്കും പീരങ്കികൾക്കും വേണ്ടിയുള്ള യുദ്ധോപകരണങ്ങൾ, മൾട്ടി-മിഷൻ റഡാറുകൾ, ടാങ്ക് വിരുദ്ധ ആയുധങ്ങൾ എന്നിവ ഉൾപ്പെടുന്നു എന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ പറഞ്ഞു.
ഉപകരണങ്ങൾ യുക്രെയ്നിനിനെയും സൈനികരെയും റഷ്യൻ ആക്രമണങ്ങളിൽ നിന്ന് തങ്ങളുടെ ജനങ്ങളെയും നഗരങ്ങളെയും സംരക്ഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
2022 ഫെബ്രുവരിയിൽ റഷ്യ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതുമുതൽ 55 ബില്യൺ ഡോളറിലധികം ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് സുരക്ഷാ സഹായങ്ങളും നൽകി യുക്രെയ്നിൻ്റെ ഒരു പ്രധാന സൈനിക പിന്തുണക്കാരായി അമേരിക്ക നിലനിൽക്കുന്നുണ്ട്.