ലെബനനിലെ യുഎൻ സമാധാന സേനയെ ആക്രമിക്കരുതന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടു

ലെബനനിലെ യുഎൻ സമാധാന സേന അഗംങ്ങൾക്ക് നേരെ ആക്രമണം നടത്തരുതെന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളിൽ രണ്ട് സംഭവങ്ങളിലായി ലെബനനിലെ യുഎൻ ഇടക്കാല സേനയുടെ (യൂണിഫിൽ) നിരവധി സേനാംഗങ്ങൾക്ക് പരുക്കേറ്റിരുന്നു.

ലെബനനിലെ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിൽ യുഎൻ സമാധാന സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുന്നത് നിർത്താൻ ഇസ്രായേലിനോട് “തികച്ചും പോസിറ്റീവായി” അഭ്യർത്ഥിക്കുകയാണെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.

ലെബനനിലെ യുഎൻ സേനയിലെ രണ്ട് ശ്രീലങ്കൻ സൈനികർക്ക് പരിക്കേറ്റ സംഭവത്തിന് തങ്ങളുടെ സൈനികർ ഉത്തരവാദികളാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചിരുന്നു.

നഖൂറയിലെ യുഎൻ സേനാ ബേസിന് ചുറ്റും ഐഡിഎഫ് സൈനികർ വെടിയുതിർത്ത സംഭവം അന്വേഷിക്കുമെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.വ്യാഴാഴ്ച, ഇസ്രായേലി ടാങ്ക് വെടിയുതിർത്തതിനെത്തുടർന്ന് നിരീക്ഷണ ടവറിൽ നിന്ന് വീണ് യുഎൻ സേനയിലെ രണ്ട് ഇന്തോനേഷ്യൻ സൈനികർക്ക് പരിക്കേറ്റു.

ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങൾ ഇസ്രായേലിൻ്റെ നടപടികളെ അപലപിച്ചുകൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചുണ്ട്.തങ്ങളുടെ രണ്ട് സൈനികർക്ക് പരിക്കേറ്റ ഐഡിഎഫ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തെക്കൻ ലെബനനിലെ ഇസ്രായേലിൻ്റെ അധിനിവേശം തുടരുമ്പോൾ, ഐഡിഎഫും ലെബനൻ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും ഇസ്രായേൽ-ലബനൻ അതിർത്തിയിൽ റോക്കറ്റ് ആക്രമണം നടത്തുകയാണ്.

വെള്ളിയാഴ്ച അരമണിക്കൂറിനുള്ളിൽ ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് നൂറോളം റോക്കറ്റുകൾ കടന്നതായി ഐഡിഎഫ് അറിയിച്ചു. രണ്ട് ആളില്ലാ വിമാനങ്ങൾ (യുഎവി) ലെബനനിൽ നിന്ന് കടക്കുന്നത് കണ്ടെത്തിയെന്നും, അതിലൊന്ന് തടഞ്ഞെന്നും ഐഡിഎഫ് അറിയിച്ചു.

തെക്കൻ ലെബനനിലെ സിഡോൺ നഗരത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് വയസുകാരി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കൻ ലെബനനിലെ കഫ്ര പട്ടണത്തിലെ സൈനിക പോസ്റ്റിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് ലെബനീസ് സൈനികർ കൊല്ലപ്പെട്ടതായി ലെബനൻ സൈന്യം അറിയിച്ചു.

തലസ്ഥാനമായ ബെയ്‌റൂട്ടിൽ, വ്യാഴാഴ്ച ഇസ്രായേൽ നടത്തിയ 2 വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

US Asks Israel to Stop Shooting at UN peacekeepers at Lebanon