ജറുസലേം: യുഎസിന്റെ സമ്മര്‍ദപ്രകാരമാണ് ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണികളും ഇസ്രയേല്‍ ആക്രമിക്കാതിരുന്നതെന്നുള്ള വാര്‍ത്തകള്‍ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനു നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയത് ദേശീയ താല്‍പര്യങ്ങള്‍ അടിസ്ഥാനമാക്കിയാണെന്നും യുഎസ് നിര്‍ദേശ പ്രകാരമല്ലെന്നും നെതന്യാഹു വ്യക്തമാക്കി. അത് എപ്പോഴും അങ്ങനെയായിരുന്നുവെന്നും അതങ്ങനെ തന്നെ തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
ഇറാന്റെ ആണവ മേഖലകള്‍ ആക്രമണത്തില്‍ നിന്നും ഒഴിവാക്കണമെന്ന് അമേരിക്ക ഇസ്രയേലിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് യു.എസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു മുമ്പ് വിവരം ഇസ്രയേല്‍ അറിയിച്ചിരുന്നെന്നും ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ മാത്രമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും ഇതോടെ സംഘര്‍ഷത്തിന് അന്ത്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് നെതന്യാഹു നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.