ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം, മോദിയുടെ സന്ദർശനത്തിനിടെ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോഴിതാ യു എൻ രക്ഷാ കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തെ ശക്തമായി പിന്തുണച്ച് അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. ഇക്കാര്യത്തിൽ ഇന്ത്യയുടെ ശ്രമങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു.

പ്രധാനമന്ത്രി മോദി, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് എന്നിവർ പങ്കെടുത്ത ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിക്കിടെയാണ് ബൈഡൻ പിന്തുണ അറിയിച്ചത്. യുഎൻ രക്ഷാസമിതി പരിഷ്കരിക്കുന്നതിനും ക്വാഡ് നേതാക്കൾ പിന്തുണ വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ നേതൃത്വത്തെയും ജി-20യിലും ഗ്ലോബൽ സൗത്തിലും പ്രധാനമന്ത്രി മോദിയുടെ പങ്കിനെയും ബൈഡൻ അഭിനന്ദിച്ചു.

മോദിയുടെ പോളണ്ട്, യുക്രൈൻ സന്ദർശനങ്ങളെയും അമേരിക്ക അഭിനന്ദിച്ചു. ക്വാഡ് ഉച്ചകോടിയിൽ സ്വതന്ത്രമാ ഇന്തോ-പസഫിക്കിൻ്റെ പ്രാധാന്യം മോദി ആവർത്തിച്ചു. ആരോഗ്യ സുരക്ഷ, സാങ്കേതികവിദ്യകൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയിലെ സഹകരണം ഉൾപ്പെടെ നിരവധി വിഷയങ്ങൾ പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. പ്രതിജ്ഞാബദ്ധമായ ആഗോള നന്മയ്ക്കുള്ള ശക്തി എന്നാണ് അദ്ദേഹം ക്വാഡിനെ വിശേഷിപ്പിച്ചത്.