ന്യൂയോര്‍ക്ക്: രതിചിത്ര നടി സ്റ്റോമി ഡാനിയല്‍സുമായി ഉണ്ടായെന്നു ആരോപിക്കപ്പെടുന്ന രഹസ്യ ബന്ധം മറച്ചു വയ്ക്കാന്‍ പണം നല്‍കിയതുമായി ബന്ധപ്പെട്ട തിരിമറി കേസില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശിക്ഷാവിധി ജഡ്ജി മാറ്റിവച്ചു.
കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ ജൂലൈ 11 വിധി പറയാനായിരുന്നു തീരുമാനമെങ്കിലും ചൊവ്വാഴ്ച ഇത് സെപ്റ്റംബര്‍ 18 ലേക്ക് മാറ്റുകയായിരുന്നു. യുഎസ് മുന്‍ പ്രസിഡന്റിന് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ പരിരരക്ഷയുണ്ടെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കിയതിനു പിന്നാലെയാണ് ഹഷ്മണി കേസിലെ വിധിയില്‍ വഴിത്തിരിവ് ഉണ്ടായത്.
സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി ഹഷ്മണി കേസിലും ഇക്കാര്യം ആവശ്യപ്പെട്ട് ട്രംപിന്റെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചിരുന്നു. ട്രംപ് പ്രസിഡന്റായിരുന്ന കാലത്തെ ഔദ്യോഗിക പ്രവൃത്തികളില്‍നിന്നുകൂടിയുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് കുറ്റക്കാരനെന്നു വിധിച്ചതെന്നും അതിനാല്‍ വിചാരണഫലം നിലനില്‍ക്കില്ലെന്നും അഭിഭാഷകര്‍ വാദിച്ചു. സുപ്രീം കോടതി വിധി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം, ട്രംപിന്റെ നിയമ സംഘം ന്യൂയോര്‍ക്ക് കോടതിക്ക് അയച്ച കത്തില്‍ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയിരുന്നു.