ജോര്‍ജിയ: നായ്ക്കള്‍ കൂട്ടമായെത്തി ആക്രമിച്ച യുവതിക്ക് ദാരുണാന്ത്യം. ലോകമ മാതൃദിനം ആഘോഷിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ അതി ദാരുണമായ സംഭവമുണ്ടായത്.
ബ്രൂക്സ് കൗണ്ടി മിഡില്‍ സ്‌കൂളിന് പിന്നിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന അമ്മയെയും മൂന്ന് കുട്ടികളെയും നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു. 35 കാരിയായ കോര്‍ട്ട്നി വില്യംസാണ് മരിച്ചത്. സംഭവ സ്ഥലത്തിനടുത്തുതന്നെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ മരണവുമായി ബന്ധപ്പെട്ട സ്ഥിരീകരണം ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നല്‍കിയിട്ടുണ്ട്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളടെ കൈകളിലും കാലുകളിലും തലയിലും നിരവധി മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നായ്ക്കള്‍ ആക്രമിച്ച സമയത്ത് ഇവരുടെ മകന്‍ ഓടി സമീപത്തുനിന്നും ആളുകളുടെ സഹായം തേടി. അവര്‍ എത്തി കുട്ടികളെ രക്ഷിച്ചെങ്കിലും അമ്മയെ രക്ഷിക്കാനായില്ല. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളാണ് ആക്രമിച്ചതെന്നാണ കരുതുന്നത്. ഇവ ഏത് ഇനത്തില്‍ പെട്ടതാണെന്നോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.