ന്യൂയോർക്ക്: അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ ഭൂചലനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ന്യൂയോർക്ക്, ന്യൂ ജേഴ്‌സി, പെൻസിൽവേനിയ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളെ ഭൂചലനം ബാധിച്ചെന്നാണ് ഏറ്റവും പുതിയ വിവരം. ന്യൂ ജേഴ്‌സിയിലെ ട്യൂക്സ്ബെറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. റിക്റ്റർ സ്കെയിലിൽ 4.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു എസ് ജിയോളജി സർവേ അധികൃതർ സ്ഥിരീകരിച്ചു. തുടർ ഭൂചലന സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതിന്‍റെ ഭാഗമായി ജോൺ ഓഫ് കെന്നഡി വിമാനത്താവളമടക്കം അടച്ചിട്ടുണ്ട്. തുടർചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് ജെ എഫ് കെ, നൂവാർക്ക് തുടങ്ങിയ വിമാനത്താവളങ്ങളിൽ സർവീസുകൾ നിർത്തിവെച്ചതായാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
അതേസമയം ഭൂചലനത്തിൽ ആളപായമോ കാര്യമായ നാശനഷ്ട്ങ്ങളോ ഇല്ലെന്ന് ന്യൂയോർക്ക് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 10.23 ന് ആയിരുന്നു അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. റോക്ക് ലാൻഡ് കൗണ്ടി, ന്യു ജേഴ്‌സിയിലെ ബെർഗൻ കൗണ്ടി എന്നിവിടങ്ങളിലടക്കം ഭൂചലനം അനുഭപ്പെട്ടു. ഇവിടങ്ങളിൽ കെട്ടിടങ്ങൾ ചെറുതായി കുലുങ്ങി. സംഭവത്തെ തുടർന്ന് ഭൂഗർഭ സബ്‌വേ വിഭാഗത്തിലെ ജീവനക്കാരെയും യാത്രക്കാരെയും താൽക്കാലികമായി ഒഴിപ്പിച്ചിട്ടുണ്ട്.
US Earth quake latest news FAA Halts Flights at JFK, Newark Airports After Earthquake