യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമല ഹാരിസ്; നാമനിർദേശ പത്രിക സമർപ്പിച്ചു

വാഷിങ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് നേതാവും വൈസ് പ്രസിഡന്റുമായ കമല ഹാരിസ്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക രേഖകളിൽ ഒപ്പുവെച്ചതായി കമല എക്സിൽ കുറിച്ചു.

“യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന രേഖകളിൽ ഇന്ന് ഒപ്പുവെച്ചു. ഓരോ വോട്ടും നേടാൻ ഞാൻ കഠിനാധ്വാനം ചെയ്യും. നവംബറിൽ ഞങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കും,” ട്വീറ്റിൽ കമല ഹാരിസ് പറഞ്ഞു.

കഴിഞ്ഞ ദിവസം മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കും മിഷേൽ ഒബാമയും കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിന്റെ വിജയമുറപ്പാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവർ വ്യക്തമാക്കി.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ജോ ബൈഡൻ പിൻമാറിയതോടെയാണ് കമല ഹാരിസ് സ്ഥാനാർത്ഥിയായത്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ബൈഡനെതിരെ സ്വന്തം പാർട്ടിയിലുള്ളവർ തന്നെ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ബൈഡന്റ് പിൻമാറ്റം. എതിർ സ്ഥാനാർഥി ‍ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലും ബൈഡൻ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതും തിരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കാൻ ബൈഡനെ നിർബന്ധിതനാക്കുകയായിരുന്നു.