യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ അവസാന ലാപ്പിൽ ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ് യുഎസ് തിരഞ്ഞെടുപ്പ്. ഫലം പ്രവചനാതീതം.
കൃത്യമായ പക്ഷമില്ലാത്ത നിർണായക സംസ്ഥാനങ്ങളിൽ (സ്വിങ് സ്റ്റേറ്റുകൾ) അന്തിമപ്രചാരണം നടത്തുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും.
പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇത്രയധികം സംസ്ഥാനങ്ങളില്‍ ഇരുസ്ഥാനാര്‍ഥികളും തമ്മില്‍ ഇത്രയും കടുത്ത പോരാട്ടം നടക്കുന്നത് എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാമ്പെയ്ന്‍ അതിന്റെ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ മത്സരം ഇഞ്ചോടിഞ്ച് തലത്തിലേക്ക് പുരോഗമിക്കുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നെവാഡ, നോര്‍ത്ത് കരോലിന, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ കമല നേരിയ മുന്‍തൂക്കം നേടുമ്പോള്‍ അരിസോണയില്‍ ട്രംപ് ലീഡ് ചെയ്യുന്നു. മിഷിഗണ്‍, ജോര്‍ജിയ, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ അവര്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചനയയാണ് നല്‍കുന്നത്. എന്നാല്‍ ഏഴ് സംസ്ഥാനങ്ങളില്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കും വ്യക്തമായ ലീഡില്ല.
വിജയം ഉറപ്പിക്കാന്‍ ആവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ സ്വന്തമാക്കാന്‍ രണ്ട് സ്ഥാനാര്‍ഥികളും ശക്തമായ ശ്രമങ്ങളുമായി രംഗത്തുണ്ട്. 538 ഇലക്ടറൽ കോളേജ് വോട്ടുകളിൽ 93-ഉം ഈ 7 സംസ്ഥാനങ്ങളിൽ നിന്നാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ കോട്ടകളെല്ലാം ഒപ്പംനിന്നാലും കേവലഭൂരിപക്ഷമായ 270-ന് ഡൊണാൾഡ് ട്രംപിന് 51 ഇലക്ടറൽ വോട്ടിന്റെ കുറവുവരും. ഡെമോക്രാറ്റിക് സംസ്ഥാനങ്ങളെല്ലാം പിടിച്ചാലും കമലാ ഹാരിസിന് 44 വോട്ടിന്റെ കുറവുമുണ്ടാകും. അവിടെയാണ് ഈ ഏഴു സംസ്ഥാനങ്ങളുടെ പ്രസക്തി. 2016-ൽ നെവാഡ ഒഴികെ എല്ലാം ട്രംപിനു കിട്ടി. 2020-ൽ നോർത്ത് കരോലൈന ഒഴികെ എല്ലാ സംസ്ഥാനങ്ങളും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനൊപ്പം നിന്നു. 1980-നുശേഷം ഒരിക്കലേ നോർത്ത് കരോലൈന ഡെമോക്രാറ്റുകളെ കനിഞ്ഞിട്ടുള്ളൂ; 2008-ൽ ആഫ്രോ-അമേരിക്കൻ വംശജനായ ബരാക് ഒബാമ മത്സരിച്ചപ്പോൾ.