വാഷിംഗ്ടണ്‍: ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയെ നിരോധിക്കാനുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ്. സര്‍ക്കാരിന്റെ നീക്കവും തുടര്‍ന്നുള്ള കോടതിയുടെ തീരുമാനവും നിരീക്ഷിക്കുന്നത് തുടരുമെന്നും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍
വ്യക്തമാക്കി.
മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനവും അഭിപ്രായ സ്വാതന്ത്ര്യവും ഉള്‍പ്പെടെയുള്ള ഭരണഘടനാപരവും ജനാധിപത്യ തത്വങ്ങളും സമാധാനപരമായി ഉയര്‍ത്തിപ്പിടിക്കുന്നതിനെയാണ് യുഎസ് പിന്തുണയ്ക്കുന്നതെന്ന് പാക് നീക്കത്തെ ചൂണ്ടിക്കാട്ടി മില്ലര്‍ പറഞ്ഞു. മാത്രമല്ല, ‘സങ്കീര്‍ണ്ണമായ ഒരു രാഷ്ട്രീയ പ്രക്രിയയുടെ തുടക്കമാണിതെന്നാണ് ഞങ്ങളുടെ ധാരണയെന്നും മില്ലര്‍ പ്രതികരിച്ചു.
ട്രംപിനെതിരായ വധ ശ്രമം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി, പാകിസ്ഥാന്‍ ഉള്‍പ്പെടെ ഏത് രാജ്യത്തുമുള്ള രാഷ്ട്രീയ അക്രമങ്ങളെ യുഎസ് വെറുക്കുന്നുവെന്നും അതിനെതിരെ സംസാരിക്കുകയും അപലപിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലായപ്പോഴും അമേരിക്ക പ്രതികരിച്ചിരുന്നു.
പാകിസ്താനിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ പിടിഐക്ക് വിദേശ ഫണ്ട് അനധികൃതമായി ലഭിച്ചുവെന്നും കലാപങ്ങളിലും രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നും പിഎംഎല്‍-എന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആരോപിക്കുന്നു
അതേസമയം, പിടിഐ പാര്‍ട്ടിയെ അടിച്ചമര്‍ത്താനുള്ള ഏറ്റവും പുതിയ ശ്രമത്തില്‍, ഇമ്രാനെതിരെ ആര്‍ട്ടിക്കിള്‍ 6 നടപടികള്‍ തേടാനും തീരുമാനിച്ചതായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഫെഡറല്‍ സര്‍ക്കാര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു.