നാറ്റോ ഉച്ചകോടിക്കിടെ മോദിയുടെ റഷ്യ സന്ദർശനം; അമേരിക്കയ്ക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: അമേരിക്കയിൽ നാറ്റോ ഉച്ചകോടി നടക്കുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദശിച്ചതിൽ മുതിർന്ന യുഎസ് നയതന്ത്രജ്ഞർക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് മോദി റഷ്യയിലെത്തിയത്. മൂന്നാം തവണ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ യാത്രകൂടിയായിരുന്നു ഇത്.

യുഎസുമായി നിരവധി വിഷയങ്ങളിൽ സഹകരണ കരാറുകളിൽ ഇന്ത്യ ഏർപ്പെട്ടിരിക്കെയാണ് ആ രാജ്യം ഉപരോധമേർപ്പെടുത്തിയ റഷ്യയിൽ മോദി എത്തിയത്. മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച മാറ്റിവെക്കണമെന്ന് യുഎസ് പ്രതിനിധികൾ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനോദ് ക്വത്രയോട് നിർദേശിച്ചിരുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ മാസമാദ്യം യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി കർട്ട് കാംപ്ബലാണ് ആവ‍ശ്യവുമായി രംഗത്തെത്തിയത്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം മാനിക്കുന്നുവെന്നും എന്നാൽ നാറ്റോ ഉച്ചകോടിയുടെ സമയത്ത് ആകരുതെന്നും കാംപ്ബൽ ആവശ്യപ്പെട്ടു.

ചൈനയുമായി തർക്കമുണ്ടായാൽ, റഷ്യ ഇന്ത്യക്കൊപ്പം നിൽക്കില്ലെന്നും അവർ ചൈനയ്ക്കേ പിന്തുണ നൽകുകയുള്ളുവെന്നും യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ മുന്നറിയിപ്പ് നൽകി. റഷ്യയുടെ യുക്രെയൻ ആക്രമണത്തെ ഇന്ത്യ അപലപിക്കാത്തതിലും യുഎസിന് അതൃപ്തിയുണ്ട്.

More Stories from this section

family-dental
witywide