വാഷിംഗ്ടണ്‍: പുതിയ സിറിയന്‍ ഭരണാധികാരികളുമായി യുഎസ് ബന്ധപ്പെട്ടുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍. 2018-ല്‍ അമേരിക്ക ഈ ഗ്രൂപ്പിനെ തീവ്രവാദികളായി പ്രഖ്യാപിച്ചിട്ടും എച്ച്ടിഎസ് വിമതരുമായി നേരിട്ട് ബന്ധപ്പെട്ടുവെന്ന ആന്റണി ബ്ലിങ്കന്റെ അഭിപ്രായം അമേരിക്കയുടെ നയംമാറ്റമായും പലരും വിലയിരുത്തുന്നുണ്ട്.
സിറിയയിലെ വിജയികളായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാം വിമതരുമായി ശനിയാഴ്ച ബന്ധം സ്ഥാപിച്ചതായാണ് അമേരിക്ക വ്യക്തമാക്കുന്നത്. പടിഞ്ഞാറന്‍, അറബ് രാജ്യങ്ങളും തുര്‍ക്കിയും സിറിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജോര്‍ദാനിലെ അക്കാബയില്‍ സിറിയയെക്കുറിച്ച് ബ്ലിങ്കെനും മറ്റ് നയതന്ത്രജ്ഞരും ചര്‍ച്ച നടത്തിയിരുന്നു. ജോര്‍ദാനിലെ യോഗത്തിന് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍, അമേരിക്ക, തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ ”കൂടുതല്‍ പ്രതീക്ഷയുള്ളതും സുരക്ഷിതവും സമാധാനപരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന് അവരുടെ ചരിത്രത്തിലെ ഈ നിര്‍ണായക ഘട്ടത്തില്‍ സിറിയന്‍ ജനതയ്ക്ക് പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുന്നതായി” വ്യക്തമാക്കി.
മനുഷ്യാവകാശങ്ങളെ മാനിച്ച്, ‘ഒരു സുതാര്യമായ പ്രക്രിയയിലൂടെ, വിഭാഗീയതയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇവര്‍ സിറിയന്‍ നേതൃത്വത്തോട് ആഹ്വാനം ചെയ്തു. പതിറ്റാണ്ടുകളുടെ ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ സിറിയയ്ക്ക് അവസരമുണ്ടെന്നും സംഘം ചൂണ്ടിക്കാട്ടി.