പന്നൂൻ വധ ഗൂഡാലോചന; ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ വികാസ് യാദവിനെതിരെ അമേരിക്ക കുറ്റംചുമത്തി

സിഖ് വിഘടനവാദി നേതാവും അമേരിക്കൻ – കനേഡിയൻ പൌരനുമായ ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ വികാസ് യാദവിന് എതിരെ അമേരിക്ക കുറ്റം ചുമത്തി. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റിസേർച്ച് ആൻഡ് അനാലിസിസ് വിങ് ( റോ) മുൻ ഉദ്യോഗസ്ഥനാണ് വികാസ് യാദവ്.

പന്നൂൻ വധശ്രമം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്ക് എതിരെ രജിസ്റ്റർ ചെയ്തതായി ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോർണി ഓഫിസ് അറിയിച്ചു. എഫ്.ബി.ഐ.യുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ വികാസിന്റെ പേരും ഉൾപ്പെടുത്തി. വികാസ് യാദവിനെ വിട്ടുനൽകുന്നതിന് യുഎസ് ഇന്ത്യയെ ഔദ്യോ​ഗികമായി സമീപിച്ചേക്കും. ഇതുവരെ ഈ ഉദ്യോഗസ്ഥൻ്റെ പേര് cc1 എന്നുമാത്രമായിരുന്നു പരാമർശിച്ചിരുന്നത്.

ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഭീകരരുടെ പട്ടികയിലുള്ള വ്യക്തിയാണ് ഗുർപത്വന്ത് സിംഗ് പന്നൂൻ. ഇന്ത്യയ്ക്ക് എതിരെ നിരന്തരം ഭീഷണി മുഴക്കുന്ന ഇയാളെ വധിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യാഗസ്ഥൻ ശ്രമിച്ചു എന്ന യുഎസ് ആരോപണവും തുടർ നടപടികളും ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

എന്നാൽ ഈ ആരോപണം ഉണ്ടായ ഉടൻ തന്നെ വികാസ് യാദവിനെ സർക്കാർ സർവീസിൽ നിന്ന് നീക്കിയതായി ഇന്ത്യ അമേരിക്കയെ അറിയിച്ചിരുന്നു. ആ നടപടിയിൽ അമേരിക്ക കഴിഞ്ഞ ദിവസം തൃപ്തി അറിയിച്ചിരുന്നു. കുററപത്രത്തില്‍ സിസി1 എന്ന് വിശേഷിപ്പിച്ചിരിക്കുന്ന വ്യക്തി ഇനി ഇന്ത്യന്‍ സര്‍ക്കാരിന്‌റെ ജീവനക്കാരനല്ല എന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ച് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് അമേരിക്ക വികാസ് യാദവിനെതിരായ കുറ്റപത്രം അണ്‍സീല്‍ ചെയ്തു. പന്നൂൻ വധത്തിനായി വികാസ് ഏർപ്പെടുത്തിയെന്നു പറയുന്ന നിഖിൽ ഗുപ്ത എന്ന ഇന്ത്യൻ വ്യവസായി ഇപ്പോൾ യുഎസിൽ ജയിലിലാണ്. പ്രാഗിൽ പിടിയിലായ ഇയാളെ ഈ വർഷം ആദ്യം അമേരിക്കയിലേക്ക് എത്തിച്ചിരുന്നു.

കുറ്റപത്രം അനുസരിച്ച്, പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ പിന്നിലെ സൂത്രധാരൻ വികാസ് യാദവാണ്. ഇന്ത്യയിൽ തനിക്കെതിരെയുള്ള കേസ് ഒതുക്കിതീർക്കുന്നതിനു പകരമായി പന്നൂനെ വധിക്കാൻ നിഖിൽ ഗുപ്തയെ ഏൽപ്പിക്കുകയായിരുന്നു. 2023 മേയിലാണ് ഈ സംഭവം. കൊലപാതക ഗൂഢാലോചനയുടെ ഭാഗമായി പന്നൂനെ സംബന്ധിച്ച വ്യക്തിഗത വിവരങ്ങൾ, ന്യൂയോർക്ക് നഗരത്തിലെ ഇയാളുടെ വീട്ടുവിലാസം, ബന്ധപ്പെട്ട ഫോൺ നമ്പറുകൾ, ദൈനംദിന വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ യാദവ് ഗുപ്തയ്ക്ക് നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

എന്നാൽ നിഖിൽ ഗുപ്ത ഈ ആവശ്യത്തിനായി കണ്ടെത്തിയ വാടക കൊലയാളി ഒരു അമേരിക്കൻ ഏജൻ്റായിരുന്നെന്നും അങ്ങനെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത് എന്നും അമേരിക്കൻ മാധ്യമങ്ങൾ കഴിഞ്ഞ വർഷം തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

യുഎസിൻ്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു. യാദവിനെതിരെയുള്ള പ്രത്യേക ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ യുഎസിലുണ്ട്.

ബ്രിട്ടീഷ് കൊളംബി സറേയിൽ സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം നിലനിൽക്കെയാണ് , യുഎസിൻ്റെ ഈ നീക്കം എന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്.

US has indicted Indian intelligence officer Vikas Yadav in Pannun assassination plot

More Stories from this section

family-dental
witywide